ചോദ്യ പേപ്പർ ചോർച്ച: മലയാളി വിദ്യാർത്ഥി സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി: വിവാദമായ സി.ബി.എസ്. ഇ ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥി സുപ്രീം കോടതിയെ സമീപിച്ചു. മലയാളിയായ രോഹൻ മാത്യുവാണ് ചോദ്യ പേപ്പർ ചോർച്ച ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ തീയതിയിലെ അവ്യക്തത നീക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റി വച്ച സി.ബി.എസ്.ഇ പ്ലസ്്ടു എക്കണോമിക്സ് പരീക്ഷ തീയതി ഇന്നലെയാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് പ്രഖ്യാപിച്ചത്. ഏപ്രിൽ 25നാണ് പരീക്ഷ. പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ആവശ്യമെങ്കിൽ ജൂലായിൽ നടത്തുമെന്നും ഇക്കാര്യത്തിൽ 15ദിവസത്തിനകം തീരുമാനമെടുക്കുമെന്നുമാണ് അനിൽ സ്വരൂപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
പത്താംക്ലാസിലെ കണക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്സിന്റെയും ചോദ്യക്കടലാസുകളാണ് ചോർന്നത്. പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുകയാണ്.

