ഉത്തര കൊറിയയുമായി ചർച്ച : നിലപാട് കടുപ്പിച്ച് അമേരിക്ക
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് നേതാവ് കിംഗ് ജോംഗ് ഉന്നും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചയുമായി ബന്ധപ്പെട്ട് യു.എസ് അധികൃതർ നിലപാട് കർശനമാക്കുന്നു. ആണവനിർമാർജനം ഉൾപ്പെടെ ഉത്തര കൊറിയ വാഗ്ദാനം ചെയ്ത കാര്യങ്ങളിൽ കൃത്യമായ നടപടികളുണ്ടാകാതെ കിം ജോംഗ് ഉന്നുമായി ചർച്ചയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് ഇന്നലെ വ്യക്തമാക്കി.
ഉത്തര കൊറിയൻ ഏകാധിപതി കിമ്മിനെ കാണാൻ തയാറാണെന്ന് യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മേയ് അവസാനം കൂടിക്കാഴ്ചയുണ്ടാകുെമന്നും വാർത്തവന്നു. ഇതിനു പിന്നാലെയാണു യു.എസ് വിശദീകരണവുമായി രംഗത്തെത്തിയത്.
ചർച്ചകൾക്കായി ആണവ പരിപാടികൾ നിർത്തിവെക്കാമെന്ന് കിംഗ് ജോംഗ് ഉൻ വ്യക്തമാക്കിയിരുന്നു, എന്നാൽ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങൾക്ക് അനുസരിച്ചുള്ള നടപടികൾ വേണമെന്ന് സാറാ സാൻഡേഴ്സ് പറഞ്ഞു. ചർച്ചക്കുള്ള സമയവും സ്ഥലവും നിശ്ചയിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഉത്തര കൊറിയ സന്പൂർണ്ണ ആണവനിരായുധീകരണം നടത്തണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ ആണവോർജ്ജം സന്പൂർണ്ണമായി ഒഴിവാക്കാൻ ഉത്തര കൊറിയ സന്നദ്ധമാകില്ലെന്നാണ് വിലയിരുത്തൽ.
അതേ സമയം എല്ലാ മിസൈൽ, ആണവ പദ്ധതികളും നിർത്തിവയ്ക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനം യു.എസിന്റെ തന്ത്രപരമായ വിജയമാണെന്ന് യു.എസ് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് പറഞ്ഞു.

