യൂറോപ്പിൽ സൂപ്പർമാർക്കറ്റ് ഫ്രിഡ്ജുകൾ ഹാക്ക് ചെയ്തു; ഭക്ഷ്യശൃംഖല തകർക്കാൻ നീക്കമെന്ന് യൂറോപ്യൻ യൂണിയൻ
ശാരിക
ബ്രസൽസ്: ഏഴ് യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും പ്രവർത്തനം ഹാക്ക് ചെയ്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തി ഉപകരണങ്ങൾ കേടുവരുത്തി. യൂറോപ്യൻ യൂണിയന്റെ ഭക്ഷ്യവിതരണ ശൃംഖലയെ തകർക്കാനും ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തി.
ബെൽജിയത്തിലെ കാരിഫോർ, ഇന്റർമാർച്ചെ, ഐകിയ, സ്വീഡനിലെ കൂപ്പ്, ഐ.സി.എ, ലക്സംബർഗിലെ ഡെൽഹൈസ്, ഫിൻലാൻഡിലെ കേസ്കോ, അയർലൻഡിലെ സൂപ്പർവാലു, എസ്റ്റോണിയയിലെ ചില വ്യാപാര സ്ഥാപനങ്ങൾ എന്നിവയാണ് ആക്രമണത്തിന് ഇരയായത്. ഇന്റർനെറ്റുമായി ഘടിപ്പിച്ചിട്ടുള്ള കൂളിംഗ് സിസ്റ്റം സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് ഹാക്കർമാർ ഈ കടന്നുകയറ്റം നടത്തിയത്. സമാനമായ രീതിയിൽ അമേരിക്കയിലെ ആറ് സൈനിക കേന്ദ്രങ്ങളിലും മുൻപ് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഹാക്കർ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയോ ചൈനയോ പിന്തുണയ്ക്കുന്ന സ്റ്റേറ്റ്-സ്പോൺസേർഡ് ഹാക്കർമാരാകാം ഇതിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. ഉപകരണങ്ങളിൽ കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകൾ വരുത്താത്തതാണ് ഹാക്കിംഗിന് വഴിയൊരുക്കിയതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
sdfdsf

