മരണത്തെ തൃണവൽഗണിച്ച് ശൈഖ് ഹസീന: വധശിക്ഷ നിലനിൽക്കെ അടുത്ത മാസം ബംഗ്ലാദേശിലേക്ക് മടങ്ങും; പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി
ശാരിക
ധാക്ക: 2024-ൽ ഉണ്ടായ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടേണ്ടി വന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന അടുത്ത മാസം സ്വന്തം രാജ്യത്തേക്ക് തിരികെ മടങ്ങുമെന്ന് പ്രഖ്യാപിച്ചു. പ്രക്ഷോഭകർക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമർത്തലുകളുടെ പേരിൽ പ്രത്യേക ട്രിബ്യൂണൽ തനിക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും, ജന്മനാട്ടിലേക്ക് മടങ്ങാനുള്ള തന്റെ ഉറച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് അസോസിയേറ്റഡ് പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ വ്യക്തമാക്കി. 2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്. മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി 2025-ലാണ് ബംഗ്ലാദേശിലെ പ്രത്യേക ട്രിബ്യൂണൽ അവർക്ക് വധശിക്ഷ വിധിച്ചത്. ശൈഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഭരണകൂടം പലതവണ ഇന്ത്യയോട് ആവശ്യപ്പെട്ടുവെങ്കിലും ന്യൂഡൽഹി ആ നീക്കം നിരസിക്കുകയായിരുന്നു.
തന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന പൂർണ ബോധ്യത്തോടെയാണ് ഈ മടങ്ങിവരവിനൊരുങ്ങുന്നതെന്ന് ശൈഖ് ഹസീന തുറന്നുപറഞ്ഞു. 'മരണമാണ് എന്റെ വിധിയെങ്കിൽ, സ്വന്തം മണ്ണിൽ എന്റെ സ്വന്തം ജനങ്ങൾക്കിടയിൽ വെച്ച് മരണത്തെ പുൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ ബംഗ്ലാദേശിലേക്ക് ഞാൻ മടങ്ങിയെത്തുക തന്നെ ചെയ്യും; ആ തീരുമാനത്തിൽ ഇനി യാതൊരു മാറ്റവുമില്ല. തിരികെ എത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെടാമെന്ന കാര്യം എനിക്കറിയാം. വിചാരണ നേരിടേണ്ടി വരികയോ, തടവിലാക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്തേക്കാം. ആ അപകടസാധ്യതകളെക്കുറിച്ചെല്ലാം എനിക്ക് പൂർണമായ ബോധ്യമുണ്ട്. എങ്കിലും ദൂരത്തുനിന്ന് മാറിനിന്ന് എന്റെ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് നോക്കിനിൽക്കാൻ എനിക്ക് കഴിയില്ല' എന്ന് ഹസീന വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽ നിന്ന് ഏത് മാർഗ്ഗത്തിലൂടെയാണ് ബംഗ്ലാദേശിലേക്ക് മടങ്ങുകയെന്ന കാര്യം അവർ വെളിപ്പെടുത്തിയിട്ടില്ല. വിദേശ രാജ്യങ്ങളുടെ പ്രത്യേക സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബാഹ്യശക്തികളുടെ സഹായമോ അനുഗ്രഹമോ തേടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഹസീനയുടെ പലായനത്തിന് ശേഷം നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലായിരുന്നു 18 മാസം നീണ്ട ഇടക്കാല ഭരണകൂടം രാജ്യം ഭരിച്ചത്. തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും മുഖ്യ രാഷ്ട്രീയ എതിരാളിയുമായ താരീഖ് റഹ്മാൻ അധികാരത്തിലെത്തുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്ന് പൂർണ്ണമായി വിലക്കിയിരുന്നു. തന്റെ പാർട്ടിയായ അവാമി ലീഗ് നിലവിൽ കടുത്ത രാഷ്ട്രീയ അടിച്ചമർത്തലുകൾ നേരിടുകയാണെന്ന് ശൈഖ് ഹസീന ആരോപിച്ചു. 2024 ആഗസ്റ്റിന് ശേഷം 20-ലധികം പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയോ ഒളിവിൽ പോകുകയോ ചെയ്തിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്ത് തീവ്രവാദ ഘടകങ്ങൾക്ക് കൂടുതൽ വളരാൻ കളമൊരുക്കിയതായും അവർ കുറ്റപ്പെടുത്തി. അതേസമയം, താരീഖ് റഹ്മാൻ സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലുകളെയും അടിച്ചമർത്തലുകളെയും ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ശക്തമായി വിമർശിച്ചിട്ടുണ്ട്.
resr

