ഷി ആജീവനാന്ത പ്രസിഡണ്ട് : ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം
ബെയ്ജിംഗ് : ചൈനയിൽ ഷി ജിൻപിംഗിന് ആജീവനാന്ത പ്രസിഡണ്ടാകാൻ വഴിയൊരുങ്ങി. പ്രസിഡണ്ടിന് കാലപരിധി നിശ്ചയിക്കുന്ന നിയമം ഭേദഗതിചെയ്തു. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി. രണ്ട് തവണയിൽ കൂടുതൽ ഒരാൾ പ്രസിഡണ്ട് പദവിയിൽ തുടരാൻ പാടില്ല എന്ന ഭരണഘടനാ നിബന്ധനയാണ് എടുത്തുമാറ്റിയത്.
വൻ ഭൂരിപക്ഷത്തോടെയാണ് ശുപാർശ പാർലമെന്‍റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശുപാർശയ്ക്ക് പാർലമെന്‍റ് അംഗീകാരം നൽകിയത്. രണ്ട് പേർ ഇതിനെ എതിർത്ത് വോട്ടുചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ തന്റെ പിൻഗാമിയെ പ്രഖ്യാപിക്കാത്തപ്പോൾ തന്നെ ജിൻപിംഗിന് ആജീവനാന്ത പ്രസിഡണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായ ജിൻപിംഗിന്‍റെ സിദ്ധാന്തങ്ങൾ ഈയിടെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻഗാമികളായ ജിയാംഗ് സെമിൻ, ഹു ജിന്‍റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല. 1953ൽ ജനിച്ച ജിൻപിംഗ് 1974ലാണു പാർട്ടി അംഗമായത്. 2013ൽ ആദ്യവട്ടം പ്രസിഡണ്ടായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്‍റെയും തലവനായ ജിൻപിംഗിന്‍റെ രണ്ടാമൂഴം 2023ൽ അവസാനിക്കും. ഭേദഗതി പാസായതോടെ മൂന്നാം വട്ടവും മത്സരിക്കുന്നതിനുള്ള തടസം ഒഴിവായി.

