യുനോ ബാങ്ക് തകർച്ചയിൽ പരാഗ്വേയിൽ വൻ പ്രതിഷേധം: പ്രസിഡന്റ് സാന്റി യാഗോ പെനക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം


ശാരിക

അസുൺഷ്യോൻ: പരാഗ്വേയിലെ പ്രമുഖ ഡിജിറ്റൽ ബാങ്കായ 'യുനോ' (Ueno Bank) തകർന്നതിനെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ച് പരാഗ്വെ പ്രസിഡന്റ് സാന്റി യാഗോ പെനയെ പുറത്താക്കാൻ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കം തുടങ്ങി. ബാങ്കിന്റെ പ്രവർത്തനം നിലച്ചതോടെ ദശലക്ഷക്കണക്കിന് ആളുകളുടെ അക്കൗണ്ടുകൾ മരവിക്കുകയും പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തിരിക്കുകയാണ്. രോഷാകുലരായ ജനങ്ങൾ തലസ്ഥാനമായ അസുൺഷ്യോന്റെ തെരുവുകളിൽ തടിച്ചുകൂടി വ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്.

80 അംഗ പാർലമെന്റിലെ 35 പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് പ്രസിഡന്റ് സാന്റി യാഗോ പെനയ്ക്കും വൈസ് പ്രസിഡന്റിനുമെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു. വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ വ്യാഴാഴ്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്. ബാങ്ക് തകർച്ചയിൽ പ്രസിഡന്റിന്റെ താൽപ്പര്യ വൈരുദ്ധ്യം, പെൻഷൻ ഫണ്ടുകളുടെ അനധികൃത വകമാറ്റൽ, വിവിരങ്ങൾ മറച്ചുവെക്കൽ എന്നീ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. 2023-ൽ അധികാരമേറ്റ പെനയ്ക്ക്, കഴിഞ്ഞ വർഷം മാർച്ച് വരെ യുനോ ബാങ്കിന്റെ മാതൃസ്ഥാപനമായ ഗ്രൂപോ വാസ്‌ക്വസിൽ വലിയ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

നിലവിൽ 850 ദശലക്ഷം ഡോളറിന്റെ പൊതു ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന യുനോ ബാങ്ക് മിനിമം സോൾവൻസി മാനദണ്ഡങ്ങൾ ലംഘിച്ചതോടെയാണ് സെൻട്രൽ ബാങ്ക് ഇടപെട്ട് പ്രവർത്തനം മരവിപ്പിച്ചത്. ഇതിലൂടെ 65 ലക്ഷം ജനസംഖ്യയുള്ള പരാഗ്വെയിൽ 30 ലക്ഷത്തോളം വരുന്ന ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടു. "പരാഗ്വെയുടെ ചരിത്രത്തിൽ ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം ആളുകളെ ആരും ഇതുപോലെ ദ്രോഹിച്ചിട്ടില്ല, മിസ്റ്റർ പ്രസിഡന്റ് നിങ്ങൾ സാധിച്ചെടുത്തു," എന്ന് പ്രതിപക്ഷ അംഗം റോസിയോ വല്ലെജോ സഭയിൽ തുറന്നടിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതിപക്ഷത്തിനില്ലെങ്കിലും ഭരണകക്ഷിയായ കൊളറാഡോ പാർട്ടിയിലെ വിമതരുടെ പിന്തുണ ഇവർ പ്രതീക്ഷിക്കുന്നുണ്ട്.

പ്രതിസന്ധി രൂക്ഷമായതോടെ സെൻട്രൽ ബാങ്ക് മേധാവി രാജിവെക്കുകയും ബാങ്കിന്റെ എട്ട് മുൻനിര എക്സിക്യൂട്ടീവുകളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും കോടതി ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. വിദേശ നിക്ഷേപകർക്കിടയിൽ പരാഗ്വെയ്ക്കുണ്ടായിരുന്ന സൽപ്പേരിന് ഈ തകർച്ച വലിയ തിരിച്ചടിയായി. സംഭവത്തിൽ പ്രസിഡന്റോ യുനോ ബാങ്ക് അധികൃതരോ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം മറ്റു ബാങ്കുകളിലേക്ക് പണം മാറ്റാനുള്ള ജനങ്ങളുടെ ശ്രമം മൂലം പല ബാങ്കിംഗ് ആപ്പുകളും സാങ്കേതികമായി തടസ്സപ്പെട്ടു.

article-image

asda

You might also like

  • Lulu Exchange
  • Straight Forward

Most Viewed