36 റാഫേൽ വിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങുമെന്ന് ഫ്രാൻസ് പ്രതീക്ഷിച്ചു
ന്യൂഡൽഹി : 36 റാഫേൽ വിമാനങ്ങൾകൂടി ഫ്രാൻസിൽ നിന്ന് വാങ്ങുന്ന കാര്യം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശന വേളയിൽ ഇന്ത്യ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസ് പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ.
എന്നാൽ ഇന്ന് ഇരുരാജ്യങ്ങളും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇതേക്കുറിച്ച് പരാമർശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രസിഡണ്ട് മാക്രോണിന്റെ സന്ദർശനത്തിനു മുന്നോടിയായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലി ഇതു സംബന്ധിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ കത്ത് എഴുതിയിരുന്നു.
36 റാഫേൽ വിമാനങ്ങൾ കൂടി ഇന്ത്യക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിടാൻ ഫ്രാൻസിന് താൽപ്പര്യമുണ്ടെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ റാഫേൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിലെ കരാർ അനുസരിച്ചുള്ള റാഫേൽ വിമാനങ്ങള ലഭിച്ചു തുടങ്ങിയതിന് ശേഷം പുതിയവയെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് വിവരങ്ങൾ.
നേരത്തെ വ്യോമസേനയ്ക്കു വേണ്ടി ഫ്രാൻസിൽ നിന്ന് 36 റാഫേൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. 59000 കോടിയായിരുന്നു കരാർതുക. 2016 സെപ്റ്റംബറിലാണ് ഈ കരാർ ഒപ്പിട്ടത്. ഇതിനു പിന്നാലെയാണ് വീണ്ടും 36 റാഫേൽ വിമാനങ്ങൾ കൂടി ഇന്ത്യക്ക് വിൽക്കാൻ ഫ്രാൻസ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

