രാസായുധം ഉപയോഗിച്ചെന്ന വാദം നിഷേധിച്ച് സിറിയൻ സർക്കാർ
ഡമാസ്്ക്കസ് : സിറിയൻ സർക്കാർ രാസായുധം ഉപയോഗിച്ചെന്ന വാദം നിഷേധിച്ച് രംഗത്തെത്തി. രാസായുധം തങ്ങൾ സൂക്ഷിക്കുന്നില്ലെന്നും തീവ്രവാദ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും സർക്കാർ അറിയിച്ചു. യു.എന്നിലെ സിറിയൻ സ്ഥാനപതി ഹുസാം എദിൻ ആലയാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തുണ്ടായ രാസായുധാക്രമണത്തെ അപലപിക്കുന്നതായി പറഞ്ഞ ഹുസാം ഒരിക്കലും സർക്കാർ ഇത്തരത്തിലൊരു ആക്രമണത്തിന് ശ്രമിക്കുന്നില്ലെന്നും വ്യക്തമാക്കി. ചില രാജ്യങ്ങൾ മനഃപൂർവം സർക്കാരിനെതിരെ അപവാദങ്ങൾ പറഞ്ഞുണ്ടാക്കുകയാണ്. അൽ നുസ്റ, ദായിഷ് ഗ്രൂപ്പുകളുടെ കൈവശം രാസായുധം ഉണ്ടെന്ന് അറിയുന്നു. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വിമത നിയന്ത്രണത്തിലുള്ള കിഴക്കൻ ഘൗത്തയിൽ ഉണ്ടായ ആക്രമണത്തിൽ ഹേഗ് ആസ്ഥാനമായ രാസായുധ വിരുദ്ധ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തുക്കൾ ഘൗത്തയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.
2013 ൽ രാസായുധാക്രമണം നടത്തിയതിന്റെ പേരിൽ സിറിയൻ സർക്കാരിനെതിരെ യു.എൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്ന് സമ്മർദങ്ങളുടെ ഫലമായി രാസായുധം നിർവീര്യമാക്കാൻ സിറിയൻ സർക്കാർ തയ്യാറായിരുന്നെങ്കിലും ഇത് പൂർണമായും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതിനിടെ കിഴക്കൻ ഘൗത്തയിൽ സിറിയൻ സർക്കാരും റഷ്യയും വീണ്ടും ആക്രമണം ശക്തമാക്കി. വിമത കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണമാണ് ഇരുവിഭാഗവും നടത്തുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് സിറിയൻ സർക്കാരിനും റഷ്യക്കുമെതിരെ അമേരിക്ക രംഗത്തെത്തി.
അഞ്ച് മണിക്കൂർ നീണ്ട താൽക്കാലിക യുദ്ധവിരാമത്തിന് ശേഷമാണ് ഘൗത്തയിൽ വീണ്ടും ആക്രമണം തുടങ്ങിയത്. വിമതർക്കെതിരെയും സാധാരണക്കാരെയും ലക്ഷ്യമാക്കി യുദ്ധവിമാനങ്ങൾ ശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ദൗമ, മിസ്റബ, ഹറാസ്ത എന്നീ മൂന്ന് പട്ടണങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ആക്രമണം. അഞ്ച് മണിക്കൂർ ഇടവേള നൽകിയത് ആളുകളെ മാറ്റിപ്പാർപ്പിക്കാനും അടിയന്തര ചികിത്സ നൽകാനും എന്ന പേരിലായിരുന്നു. എന്നാൽ ഇതൊന്നും നടക്കുന്നില്ലെന്നാണ് ആളുകൾ പറയുന്നത്. ഇത്തരത്തിലുള്ള വെടിനിർത്തൽ കൊണ്ട് പ്രയോജനമില്ലെന്നും ഇതിന് തയ്യാറാകുന്ന സർക്കാർ തന്നെയാണ് തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതെന്നും ഇവർ പറയുന്നു. ഇതിനായി വിശ്വസ്തമായ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും അടിയന്തര സഹായം നൽകുന്നതിനും വിമതരാണ് തടസം നിൽക്കുന്നതെന്നാണ് റഷ്യ പറയുന്നത്. വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് വിമതരാണെന്നും റഷ്യ കുറ്റപ്പെടുത്തുന്നു. അതേസമയം, സിറിയൻ സർക്കാരും റഷ്യയും വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

