കൊച്ചിയിൽ വീണ്ടും ആഡംബര കാറപകടം: ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് ഇടിച്ച് തട്ടുകട ഉടമ മരിച്ചു
ശാരിക
കൊച്ചി: നെടുമ്പാശേരി അപകടത്തിന് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ആഡംബര കാർ ജീവനെടുത്തു. ചേരാനെല്ലൂരിൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടു. ഇരിഞ്ഞാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് വാഹനം ഓടിച്ചിരുന്നത്. ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച പതിനേഴുകാരനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം. കച്ചവടം കഴിഞ്ഞ് തട്ടുകട അടച്ച ശേഷം ജയബാലകൃഷ്ണൻ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, അപകടത്തെക്കുറിച്ച് വിവരങ്ങൾ അറിയാൻ ചെന്ന തങ്ങളോട് ജഡ്ജി മോശമായി പെരുമാറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. "എന്നെ ചോദ്യം ചെയ്യാൻ നിങ്ങളാരും വരേണ്ടതില്ല" എന്ന് പറഞ്ഞാണ് അദ്ദേഹം തട്ടിക്കയറിയതെന്ന് ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി വ്യക്തമാക്കി. സംഭവത്തിൽ ഉറച്ച നിലപാടോടെ കേസിന് നിയമപരമായി മുന്നോട്ടുപോകുമെന്നും കുടുംബം കൂട്ടിച്ചേർത്തു.
േ്ി്േി

