സൂര്യാഘാതം : സംസ്ഥാനത്ത് തൊഴിൽ സമയം പുനക്രമീകരിച്ച് ഉത്തരവിറക്കി
ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടി
പാലക്കാട് : വേനൽ കടുത്തതോടെ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കുന്നതിനുളള സാധ്യത കണക്കിലെടുത്ത് നിർമ്മാണമേഖലയിലുൾപ്പെടെ സംസ്ഥാനത്ത് വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിട്ടു.
പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചിട്ടുണ്ട്. ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) മുന്നറിയിപ്പ് നൽകി.

