സന്ദർശക ഡോക്ടർമാരുടെ പ്രവൃത്തിച്ചട്ടങ്ങൾ പുനഃപരിശോധിക്കണം: ബഹ്റൈൻ പാർലമെന്റ് നിർദേശം പാസാക്കി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ചികിത്സയ്ക്കായി എത്തുന്ന സന്ദർശക ഡോക്ടർമാരുടെ സേവനങ്ങളും പ്രവൃത്തിച്ചട്ടങ്ങളും അടിയന്തരമായി പുനഃപരിശോധിക്കണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. വിദേശ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് ശേഷം രാജ്യം വിട്ടാൽ ഉണ്ടാകുന്ന സങ്കീർണതകൾക്കും ചികിത്സാ പിഴവുകൾക്കും ആരാണ് ഉത്തരവാദികളെന്ന ചോദ്യം ശക്തമായതിനെ തുടർന്നാണ് എംപി ഖാലിദ് ബു അനഖിന്റെ നേതൃത്വത്തിൽ അഞ്ച് എംപിമാർ ചേർന്ന് ഈ നിർദേശം സഭയിൽ സമർപ്പിച്ചത്.
സന്ദർശക ഡോക്ടർമാർ മടങ്ങിയ ശേഷവും രോഗികൾക്ക് ആവശ്യമായ നഷ്ടപരിഹാരവും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്ന രീതിയിൽ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് നിർദേശം ആവശ്യപ്പെടുന്നു.
സ്വകാര്യ ആശുപത്രികൾ വിദഗ്ധ ഡോക്ടർമാരെ കൊണ്ടുവരുമ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിന് എന്ത് ക്രമീകരണമാണ് ഒരുക്കുന്നതെന്ന് എംപി മുഹമ്മദ് അൽ മഅറഫി ചോദ്യമുയർത്തി. ശസ്ത്രക്രിയ തിയേറ്ററോടെ ചികിത്സ അവസാനിക്കുന്നില്ലെന്നും തുടർപരിചരണം അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ നേരിടാൻ സ്വകാര്യ ആശുപത്രികൾ പ്രാപ്തരാണോ അതോ ഡോക്ടറെ വീണ്ടും തിരികെ എത്തിക്കുമോ എന്ന് അദ്ദേഹം ആരാഞ്ഞു. സ്വകാര്യ ആശുപത്രികളിലെ തുടർചികിത്സകൾ ചെലവേറിയതാണെന്നും ഇക്കാര്യത്തിൽ കടുത്ത സർക്കാർ മേൽനോട്ടം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പൊതു ആശുപത്രികളിൽ സർക്കാർ നടപ്പിലാക്കുന്ന സന്ദർശക ഡോക്ടർ പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. ഇത് രാജ്യത്തിന്റെ ബജറ്റ് ഭാരം കുറയ്ക്കാനും ബഹ്റൈനി ഡോക്ടർമാർക്ക് പരിശീലനം നൽകാനും സഹായിക്കുന്നുണ്ടെന്നും മെഡിക്കൽ ടൂറിസത്തിന് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശക ഡോക്ടർ മടങ്ങിയാലും രോഗിയുടെ അവകാശങ്ങൾ ഇല്ലാതാകരുത് എന്നാണ് നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തം ഡോക്ടർക്ക് പുറമെ അദ്ദേഹത്തെ കൊണ്ടുവന്ന ആശുപത്രിയോ ക്ലിനിക്കോ ഏൽക്കേണ്ടി വരും. സന്ദർശക ഡോക്ടർമാരുടെ യോഗ്യത, ഇൻഷുറൻസ് സംരക്ഷണം, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ കൂടുതൽ സുതാര്യമാക്കാൻ പുതിയ നിയമ ഭേദഗതികൾ സഹായിക്കും.
േ്ിേ്ി

