ബഹ്റൈനിലെ നമ്മൾ ചാവക്കാട്ടുകാർ 'നമ്മളോണം 2026' ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നമ്മളോണം 2026' വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലെ അൽ അഹ്‌ലി ക്ലബ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ആഘോഷ പരിപാടികളിൽ നിരവധി അംഗങ്ങളും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു.
സാമൂഹിക നിരൂപകനും യാത്രികനും എഴുത്തുകാരനുമായ സജി മാർക്കോസ് ആഘോഷം ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റും അഭിഭാഷകനുമായ അഡ്വ. ജലീൽ മുഖ്യാതിഥിയായിരുന്നു. നമ്മളോണം ജനറൽ കൺവീനർ നിഷിൽ കരിപ്പോട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘടന പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി നേരിട്ടെത്തി ആശംസകൾ അറിയിച്ചത് ചടങ്ങിന് പ്രത്യേക മാറ്റുകൂട്ടി. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഫിറോസ് തിരുവത്ര, കെ.ടി. സലീം, റഫീഖ് അബ്ദുള്ള, കാസിം പാടത്തയിൽ, അൻവർ കണ്ണൂർ, വീരമണി, രാജു കല്ലുമ്പുറം എന്നിവരും പങ്കെടുത്തു. സംഘടനാ ഭാരവാഹികളായ സജീർ കരുകമാട്, വിജയൻ, യൂസഫ് അലി എന്നിവർ സംസാരിച്ചു.
കേരളത്തിന്റെ പാരമ്പര്യവും പ്രവാസി മലയാളികളുടെ ഒത്തൊരുമയും വിളിച്ചോതിയ ആഘോഷത്തിൽ വിവിധ കലാപരിപാടികളും വിനോദമത്സരങ്ങളും അരങ്ങേറി. ലേഡീസ് വിങ് കൺവീനർ ശിൽപ പ്രസാദ് നന്ദി രേഖപ്പെടുത്തി.
sfsf

