പി.എസ്.സി ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കണം: സ്ഥാനമൊഴിയുന്നതിന് മുന്പ് ഗവർണർ അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതായി റിപ്പോർട്ട്


ശാരിക

തിരുവനന്തപുരം: ഗവർണർ പദവിയിൽനിന്ന് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് രാജേന്ദ്ര അർലേക്കർ നടത്തിയ നിർണായക നീക്കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ഔദ്യോഗിക ശുപാർശ നൽകി.

സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഗവർണർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഈ സുപ്രധാന നീക്കം. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു അടക്കം 16 അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം അതീവ നിർണായകമാകും.

പി.എസ്.സി നടത്തുന്ന പരീക്ഷകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. തുടർന്നുനടന്ന അന്വേഷണങ്ങളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഇതിന് പിന്നാലെ ഉദ്യോഗാർത്ഥികളും യുവമോർച്ച സംസ്ഥാന അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ഗവർണറെ നേരിട്ടുകണ്ട് പരാതി നൽകിയിരുന്നു. ഉദ്യോഗാർത്ഥികളുടെ പരാതികളുടെ പകർപ്പുകളും ഇതുസംബന്ധിച്ച് വന്ന മാധ്യമവാർത്തകളും സഹിതമാണ് ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത്.

ആസൂത്രണ ബോർഡിലേക്കുള്ള നിയമന പരീക്ഷയിലടക്കം വലിയ രീതിയിലുള്ള അട്ടിമറികൾ നടന്നതായി കണ്ടെത്തിയിരുന്നു. അഭിമുഖ പരീക്ഷകളിലും ക്രമക്കേടുകൾ ഉണ്ടായതായി വാർത്തകൾ പുറത്തുവന്നു. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനെയും പി.എസ്.സിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അലംഭാവമാണ് ഉണ്ടാകുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും അന്വേഷണത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ ഉടൻ പിടികൂടാൻ നിർദ്ദേശിച്ചു. ഒത്തുകളിച്ചാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്നും ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. എന്നാൽ, പി.എസ്.സി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സർക്കാരും, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്ന് പി.എസ്.സിയും കോടതിയിൽ വാദിച്ചു.

article-image

fsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed