അഫ്ഗാനിൽ താലിബാൻ ആക്രമണത്തിൽ 23 പേർ മരിച്ചു
കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണങ്ങളിൽ സുരക്ഷാ ജീവനക്കാരടക്കം 23 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ പ്രവിശ്യയായ ഫറായിലെ സൈനിക ആസ്ഥാനത്തിലേക്ക് ചാവേറുകൾ ഇരച്ചു കയറിയായിരുന്നു ആക്രമണം. ആക്രമണത്തിൽ 18 പട്ടാളക്കാർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രാത്രിയിൽ എത്തിയ ചാവേറുകൾ ക്യാന്പിൽ വെടിവയ്പും സ്ഫോടനവും നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കാബൂളിലെ നയതന്ത്ര മേഖലയിലെ ചെക്ക് പോയിന്റിൽ ഇന്ന് രാവിലെയുണ്ടായ മറ്റൊരു ചാവേർ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. അഫ്ഗാൻ ചാരസംഘടനയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റീസ്(എൻ.ഡി.എസ്) ഓഫീസിനു സമീപമായിരുന്നു സ്ഫോടനം. നാറ്റോ ആസ്ഥാനവും അമേരിക്കൻ എംബസിയും എൻ.ഡി.എസിനു സമീപമാണു സ്ഥിതി ചെയ്യുന്നത്. അഞ്ച് പേർക്ക് പരിക്കേറ്റു. ചെക്ക് പോയിന്റ് കടക്കാൻ ശ്രമിക്കുന്നതിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം നടന്നത്. കാലിലായിരുന്നു ചാവേർ ബോംബ് ഘടിപ്പിച്ചിരുന്നത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം താലിബാൻ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഹെൽമണ്ട് പ്രവിശ്യയിലാണ് മൂന്നാമത്തെ സ്ഫോടനം നടന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈനികർക്കു നേരെ ഓടിച്ചു കയറ്റുകയായിരുന്നു.

