അനധികൃതമായി തോക്കുകൾ കൈവശം വെച്ച അച്ഛനും മകളും അമേരിക്കയിൽ അറസ്റ്റിൽ
വാഷിംഗ്ടൺ : അനധികൃതമായി തോക്കുകൾ കൈവശം വെച്ചതിന് അമേരിക്കയിൽ അച്ഛനും മകളും പോലീസ് പിടിയിൽ. കാലിഫോർണിയയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 28 തോക്കുകളും 66,000 തിരകളും ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സൈനികർ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ പക്കൽ നിന്ന് പോലീസ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.
തോക്കുകൾ കൈവശം വയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങളുടെ ലംഘനത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2001 മുതലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതിനുള്ള നിയമങ്ങളും പരിശോധനകളും കാലിഫോർണിയയിൽ കർശനമാക്കിയത്.
ഇക്കഴിഞ്ഞ ദിവസം 17 പേർ കൊല്ലപ്പെട്ട ഫ്ളോറിഡ സ്കൂൾ വെടിവയ്പിനു പിന്നാലെ അമേരിക്കയിൽ തോക്കുപയോഗിക്കുന്നതിനുള്ള മാനദണ്ധങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ഇത്രയേറെ തോക്കുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട അറസ്റ്റ് നടന്നിരിക്കുന്നത്. അതേസമയം, അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

