പുരോഹിതർ കുട്ടികൾക്ക് നേരെ നടത്തുന്ന പീഡനങ്ങളെ അപലപിച്ച് മാർപാപ്പ
സാന്റിയാഗോ : ക്രൈസ്തവ പുരോഹിതന്മാരിൽനിന്ന് കുട്ടികൾക്ക് നേരെയുണ്ടായ പീഡനങ്ങളെ ശക്തമായി അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ലാറ്റിനമേരിക്കൻ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പ ചിലിയിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രശ്നത്തെക്കുറിച്ച് പരസ്യമായി പറഞ്ഞത്. കുട്ടികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്നും മാത്രമല്ല, ഇത്തരം സംഭവങ്ങളിൽ ദുഃഖിതരോടൊപ്പം നിൽക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
അതേസമയം, മാർപ്പാപ്പയിൽനിന്ന് മാപ്പ് പറയലല്ല, നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരയായവർ പറയുന്നു. കുട്ടികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ഇവിടുത്തെ ബിഷപ്പുമാർ പുലർത്തുന്നത്. സംഭവം മൂടിവയ്ക്കാനും അവർ ശ്രമിക്കുന്നു. അവരിപ്പോളും ആ പദവിയിൽ ഇരിക്കുന്നു. മാർപ്പാപ്പ അവരെ പുറത്താക്കണം, പതിനേഴാം വയസ്സിൽ സെമിനാരിയിൽ പഠിച്ചുകൊണ്ടിരിക്കെ വൈദികന്റെ പീഡനത്തിന് ഇരയായ ജുവാൻ കാർലോസ് ക്രൂസ് പറഞ്ഞു. അതിനിടെ, അടുത്തനാളുകളിലായി ഗർഭഛിദ്ര അവകാശങ്ങൾ, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ചിലയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ അവയെക്കുറിച്ചൊന്നും മാർപ്പാപ്പ പ്രസ്താവന നടത്തിയില്ല. എന്നാൽ അഭയാർത്ഥികൾക്ക് വേണ്ടി വാതിൽ തുറന്നിടണമെന്ന് അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.
അതേസമയം ലാറ്റിനമേരിക്കയിലെ ആദിവാസികളെ കേൾക്കാനും അവരുടെ സംസ്കാരത്തെ മാനിക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. തൊഴിൽ രഹിതർ, കുടിയേറ്റക്കാർ, ആദിവാസികൾ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുവേണം രാജ്യത്തിന്റെ ഭാവി പടുത്തുയർത്തേണ്ടതെന്ന് മാർപാപ്പ നിർദ്ദേശിച്ചു. ചിലി നേടിയ ജനാധിപത്യ പുരോഗതിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

