ബ്രിക്സ് നേതാക്കളെ മോദി തെറ്റിദ്ധരിപ്പിച്ചു: സർതാജ് അസീസ്
ഇസ്ലാമാബാദ് : ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെയും പാക്കിസ്ഥാനെതിരെയും ആഞ്ഞടിച്ച പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് സർതാജ് അസീസ് രംഗത്ത്. ബ്രിക്സ് നേതാക്കളെ ഇന്ത്യ തെറ്റിദ്ധരിപ്പിക്കുന്നതായി അസീസ് ആരോപിച്ചു. തീവ്രവാദത്തിന്‍റെ മാതാവ് പാക്കിസ്ഥാനാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിിക്കുകയായിരുന്നു അസീസ്.
ജമ്മുകശ്മീരിൽ ഇന്ത്യ നടത്തുന്ന ക്രൂരതകൾ മറച്ചുവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അസീസ് പറഞ്ഞു. തീവ്രവാദത്തിന്‍റെ മാതാവ് പാക്കിസ്ഥാനെന്ന മോദിയുടെ പ്രസ്താവനയെ അസീസ് ശക്തമായി അപലപിച്ചു. പാക്കിസ്ഥാൻ മണ്ണിലെ ഭീകരപ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീകർക്ക് ഇന്ത്യ ധനസഹായം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് തീവ്രവാദം തടയുന്നതിനെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അസീസ് വ്യക്തമാക്കി.
തീവ്രവാദം നേരിടുന്നതിന് ബ്രിക്സ് അംഗ രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ തയാറാണെന്ന് അസീസ് പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങളെ പാക്കിസ്ഥാൻ എന്നും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകർക്കെതിരെ പോരാട്ടം നടത്താൻ തയാറാണ്- അസീസ് വ്യക്തമാക്കി.

