റീത്ത ബഹുഗുണ ബിജെപിയിലേക്ക്
ലക്നൗ : ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനൊരുങ്ങവെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി മുൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റീത്തയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് റീത്ത പാർട്ടിവിടുന്നതെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റീത്തയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പാർട്ടി നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
അടുത്തവർഷമാണ് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ആണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി. ഉത്തർപ്രദേശിന് പുറത്തുള്ള ഷീലയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതാണ് പ്രതിഷേധത്തിനു കാരണം. റീത്ത ബഹുഗുണണയുടെ സഹോദരനും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ 9 എംഎൽഎമാർക്കൊപ്പം നേരത്തെ പാർട്ടിവിട്ടിരുന്നു.
കോൺഗ്രസിന് പുറത്തുള്ള ഒരു ഓപ്ഷൻ തേടുന്നതായി റീത്ത വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലെ ശക്തനായ നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ഹേംവന്ദ് നന്ദൻ ബഹുഗുണയുടെ മകളായ റീത്ത അലഹബാദിലെ മേയർ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിലും പിന്നീട് എസ്പിയിൽ നിന്ന് വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.

