നേപ്പാളിൽ പ്രളയതാണ്ഡവം: മരണസംഖ്യ 600 കടന്നു; 320 ഇന്ത്യക്കാരടക്കം രണ്ടായിരത്തോളം പേരെ കാണാനില്ല
ഷീബ വിജയൻ
നേപ്പാളിലുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി ഉയർന്നതായി നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയും സർക്കാരും അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ പുറത്തുവിട്ടിരുന്നത്. പ്രളയത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയതും പ്രധാന ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വിവിധ ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 തൊഴിലാളികളെയും 500 ഓളം വിദേശ പൗരന്മാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും ഉൾപ്പെടുന്നുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ പലയിടത്തും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
അതേസമയം, പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ തുരംഗങ്ങളിൽ തെരച്ചിൽ നടത്താൻ പ്രത്യേക വൈദഗ്ധ്യമുള്ള എൻ.ഡി.ആർ.എഫ് (NDRF) സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തിയിട്ടുണ്ട്. സൈന്യത്തിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദുരന്തമേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു വരുന്നു. യൂറോപ്യൻ യൂണിയനും അയൽരാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായവും ഭക്ഷണ-വൈദ്യസഹായ സാമഗ്രികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരും വിനോദസഞ്ചാരികളുമാണ് ഈ പട്ടികയിൽ കൂടുതലുമുള്ളത്. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
cddsfdf

