അതിർത്തിയിൽ വീണ്ടും പ്രളയഭീതി: നേപ്പാളിൽ മരണം 538 കടന്നു; 85 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി


ഷീബ വിജയൻ

കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 538 ആയി ഉയർന്നു. 85 ഇന്ത്യക്കാരടക്കം 117 വിദേശികളെ രക്ഷപ്പെടുത്തിയതായും നേപ്പാൾ അധികൃതർ അറിയിച്ചു. അതേസമയം ടിബറ്റ് അതിർത്തിയിൽ രൂപപ്പെട്ട തടാകത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 1,500-ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാൾ പൊലീസ് നൽകുന്ന വിവരം. ചൈന-നേപാൾ അതിർത്തിയിലെ ഗ്യോറോങ് അതിർത്തി പ്രദേശത്ത് രൂപംകൊണ്ട തടയണ തടാകം കവിഞ്ഞൊഴുകിത്തുടങ്ങിയതായാണ് റിപ്പോർട്ട്. മിന്നൽപ്രളയ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം ചൈനയിൽ അഞ്ചുപേർ മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന നേരത്തെ തന്നെ 'ലെവൽ-IV' അലർട്ട് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചത്തെ മണ്ണിടിച്ചിലിൽ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് രൂപംകൊണ്ട തടാകത്തിന്റെ മൺതിട്ട തകർന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഛോഛൻ ഖോള, പുരേപു സാംഗ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപംകൊണ്ട തടാകമാണ് കരകവിഞ്ഞൊഴുകുന്നത്. ഈ നദികൾ ടിബറ്റിൽ ഉത്ഭവിച്ച് ഭോട്ടേ കോശി നദീവ്യൂഹത്തിന്റെ ഭാഗമായി നേപ്പാളിലേക്കാണ് ഒഴുകുന്നത്. മഞ്ഞുമല തകർന്ന് ഹിമാലയ-ചൈന അതിർത്തി മേഖലയിൽനിന്ന് മണ്ണും വെള്ളവും നേപ്പാളിലെ ജനവാസ മേഖലകളിൽ കുത്തിയൊലിച്ചെത്തുകയായിരുന്നു. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ദുരന്തം നേരിടുന്ന നേപ്പാളിന് ഇന്ത്യ അടിയന്തര സഹായങ്ങൾ എത്തിച്ചു. സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ടിബറ്റ് അതിർത്തിയിലുള്ള നിരവധി പദ്ധതി പ്രദേശങ്ങൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയി. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യൻ എംബസികൾ നേപ്പാൾ, ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

article-image

dfdfsasdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed