തന്ത്രപ്രധാന കരുതൽ ശേഖരം വിപുലീകരിക്കാൻ ബഹ്‌റൈൻ: മരുന്നുകളും അസംസ്‌കൃത വസ്തുക്കളും ഉൾപ്പെടുത്തും


പ്രദീപ് പുറവങ്കര 

മനാമ: യുദ്ധങ്ങൾ, മഹാമാരികൾ, ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ രാജ്യത്തിന്റെ തന്ത്രപ്രധാനമായ കരുതൽ ശേഖരം (Strategic Reserves) വിപുലീകരിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് പ്രധാന മേഖലകൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എന്നിവ കൂടി സ്റ്റോക്ക് പൈലിൽ ഉൾപ്പെടുത്താനാണ് നിർദ്ദിഷ്ട നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

വിപണിയിലെ ആവശ്യങ്ങൾക്കും ഭാവിയിലെ ഭീഷണികൾക്കും അനുസരിച്ച് കരുതൽ ശേഖരത്തിൽ മാറ്റം വരുത്താൻ നിർദ്ദിഷ്ട നിയമം അനുവദിക്കണമെന്ന് ശൂറ കൗൺസിൽ സെക്കൻഡ് ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡോ. ജിഹാദ് അൽ ഫദൽ പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കായിരിക്കും ഇപ്പോഴും പ്രഥമ പരിഗണന നൽകുകയെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ പ്രധാന മേഖലകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മരുന്നുകളും മെഡിക്കൽ സാമഗ്രികളും അസംസ്‌കൃത വസ്തുക്കളും ശേഖരിക്കപ്പെടും.

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ 2020 ഡിസംബറിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചത്. എന്നാൽ ഈ പദ്ധതി സ്വകാര്യ മേഖലയ്‌ക്കോ ഉപഭോക്താക്കൾക്കോ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെന്ന് ഡോ. അൽ ഫദൽ വ്യക്തമാക്കി.

വിപണിയിലെ ഉൽപ്പന്ന വില സ്ഥിരത ഉറപ്പാക്കുക, പൂഴ്ത്തിവെപ്പും കുത്തകാവകാശങ്ങളും തടയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശേഖരിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവും സുരക്ഷാ മാനദണ്ഡങ്ങളും സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായ ചട്ടങ്ങളിലൂടെ മാറ്റാൻ വ്യവസ്ഥയുണ്ടാകും. ശൂറ കൗൺസിൽ രണ്ടുതവണ ചർച്ച ചെയ്ത ഈ കരട് നിയമം നിലവിൽ നിയമനിർമ്മാണ നടപടികളുടെ അവസാന ഘട്ടങ്ങളിലാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed