റാംലിയിലെ തീപിടിത്തത്തിന് പിന്നാലെ വീടുകളിൽ അഗ്നിസുരക്ഷാ മുന്നറിയിപ്പുമായി ഭവന മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ റാംലി ഹൗസിങ് ഏരിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 27 കാരിയായ യുവതിയും മൂന്ന് കുട്ടികളും മരണപ്പെട്ട ദാരുണ സംഭവത്തിന് പിന്നാലെ, താമസക്കാർക്ക് കടുത്ത അഗ്നിസുരക്ഷാ മുന്നറിയിപ്പുമായി ഹൗസിങ് ആാൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം. താമസകേന്ദ്രങ്ങളിൽ തീപിടിത്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇലക്ട്രിക്കൽ വയറിങ്ങുകൾ പരിശോധിക്കാനും പുക/താപ മുന്നറിയിപ്പ് ഉപകരണങ്ങൾ (Smoke and Heat Alarms) പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിർദ്ദേശിച്ചു.
തകരാറുള്ള വയറിങ്, കോറിഡോറുകളിലെ തടസ്സങ്ങൾ, അടഞ്ഞുപോയ എക്സിറ്റ് വഴികൾ എന്നിവ തീപിടിത്ത സമയത്ത് രക്ഷാപ്രവർത്തനവും രക്ഷപ്പെടലും സങ്കീർണ്ണമാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇലക്ട്രിക്കൽ വയറിങ്ങുകളും ഡിസ്ട്രിബ്യൂഷൻ ബോർഡുകളും ക്രമമായി പരിശോധിക്കണം. ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങൾ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയുടെ (EWA) അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം. കെട്ടിടങ്ങളുടെ കോറിഡോറുകൾ, ലാൻഡിങ്ങുകൾ, അടിയന്തര പാതകൾ എന്നിവിടങ്ങളിൽ പെട്ടികൾ, ഫർണിച്ചറുകൾ, ബാഗുകൾ തുടങ്ങിയവ സൂക്ഷിക്കാൻ പാടില്ല.
അടിയന്തര പടികളുടെ വാതിലുകളിൽ സ്വയം നിർമ്മിത പൂട്ടുകൾ ഇടുന്നതും ജനലുകളിൽ ഇരുമ്പ് അഴികളും അലങ്കാര വസ്തുക്കളും സ്ഥാപിക്കുന്നതും അപകടസമയത്ത് ആളുകൾ അകത്തു കുടുങ്ങാൻ ഇടയാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്മോക്ക് അലാറങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണം. മുൻകൂട്ടി ലഭിക്കുന്ന സൂചനകൾ കുടുംബങ്ങൾക്ക് സുരക്ഷിതമായി പുറത്തുകടക്കാനും സഹായം അഭ്യർത്ഥിക്കാനും സമയം നൽകും. അനധികൃതമായി ഇലക്ട്രിക് ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും എമർജൻസി എക്സിറ്റുകളും വഴികളും എപ്പോഴും സജ്ജമാക്കി നിർത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
aa

