തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ പെർമിറ്റും പ്രത്യേക കേന്ദ്രങ്ങളും വേണം: ബി.എസ്.പി.സി.എ
പ്രദീപ് പുറവങ്കര
മനാമ: തെരുവ് മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുന്നവർക്ക് പിഴ ചുമത്തുന്നതിന് പകരം പ്രത്യേക പെർമിറ്റുകളും ഭക്ഷണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന് ബഹ്‌റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് (ബി.എസ്.പി.സി.എ). ദയാപൂർവ്വം മൃഗങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നവരെയും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെയും നിയമപരമായി വേർതിരിച്ച് കാണണമെന്ന് ബി.എസ്.പി.സി.എ ചെയർമാൻ മഹ്മൂദ് ഫറജ് വ്യക്തമാക്കി.
മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് പൂർണ്ണമായി തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ ജനങ്ങൾ കാരുണ്യമുള്ളവരാണ്. എന്നാൽ, ചിലർ പ്രാവുകൾക്ക് സലൂണ (ആട്ടിറച്ചി സ്റ്റ്യൂ) പോലുള്ള അനുയോജ്യമല്ലാത്ത ഭക്ഷണങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ദുർഗന്ധത്തിനും പാറ്റയടക്കമുള്ള പ്രാണികളുടെ ശല്യത്തിനും കാരണമാകുന്നുണ്ട്. ഇത്തരം ശുചിത്വ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയമം കൊണ്ടുവന്നതെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, സമ്പൂർണ്ണ നിരോധനമല്ല മറിച്ച് നിയന്ത്രണമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥിരമായി മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നവർക്ക് പെർമിറ്റ് അനുവദിക്കുക, അവർ ഭക്ഷണം നൽകുന്ന സ്ഥലത്തിന്റെ വിവരങ്ങളും ഫോട്ടോകളും കൈമാറുക, സ്ഥലം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സംഘടന മുന്നോട്ടുവെക്കുന്നത്. കൂടാതെ, അംഗീകൃത കേന്ദ്രങ്ങളിൽ ഉണങ്ങിയ മൃഗഭക്ഷണം (Dry Food) ലഭ്യമാക്കുന്ന വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനും, ഈ സ്ഥലങ്ങളുടെ പരിപാലനം നഗരസഭാ ജീവനക്കാരെ ഏൽപ്പിക്കാനും നിർദ്ദേശമുണ്ട്.
ബഹ്‌റൈനിലെ പൊതു ശുചിത്വ നിയമപ്രകാരം അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ മാലിന്യവും ആഹാര അവശിഷ്ടങ്ങളും ഉപേക്ഷിച്ചാൽ 50 ദിനാർ മുതൽ 300 ദിനാർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ബി.എസ്.പി.സി.എ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ നിലവിൽ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചു വരികയാണ്.
aaa

