ചെറുകിട വ്യവസായങ്ങൾക്ക് പുതിയ ധനസഹായ ഫണ്ട്: പാർലമെന്റ് ശുപാർശ നൽകി
പ്രദീപ് പുറവങ്കര
മനാമ: ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ) കൂടുതൽ ശക്തിപ്പെടുത്തി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ചില മേഖലകളിലെ വിദേശ തൊഴിലാളി പ്രാധിനിധ്യം കുറയ്ക്കുന്നതിനുമായി പുതിയ ദേശീയ ഫണ്ട് രൂപീകരിക്കാൻ പാർലമെന്റ് സാമ്പത്തിക കാര്യ സമിതി ശുപാർശ ചെയ്തു. സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് 'നാഷണൽ ഫണ്ട് ഫോർ ദ കെയർ ആൻഡ് സപ്പോർട്ട് ഓഫ് എസ്.എം.ഇ' ബില്ലിന് സമിതി അംഗീകാരം നൽകിയത്. സാമ്പത്തിക വീണ്ടെടുപ്പിൽ ചെറുകിട വ്യവസായങ്ങൾ "ആദ്യ പ്രതിരോധ നിര" ആണെന്ന് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സല്ലൂം പറഞ്ഞു.
വർക്ക്ഷോപ്പുകൾ, കടകൾ, റെസ്റ്റോറന്റുകൾ, മറ്റ് സേവന ഓഫീസുകൾ, ചെറിയ ഫാക്ടറികൾ എന്നിവ പൂർണ്ണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കുമ്പോഴാണ് യഥാർത്ഥ സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.അധിക പലിശയില്ലാതെ വായ്പ തിരിച്ചടവുകൾ ദീർഘിപ്പിച്ചു നൽകുക, സർക്കാരിൽ നിന്നുള്ള കുടിശ്ശിക തുകകൾ വേഗത്തിൽ ലഭ്യമാക്കുക, ടെൻഡറുകളിൽ മുൻഗണന നൽകുക, പ്രവർത്തന ഫീസുകളിൽ താൽക്കാലിക ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫണ്ടിലൂടെ നിർദ്ദേശിക്കുന്നത്. സ്ഥാപനങ്ങൾ തിരികെ വരാൻ വർഷങ്ങളല്ല, മറിച്ച് ധനലഭ്യതയും ആത്മവിശ്വാസവും നൽകുന്ന വേഗത്തിലുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ നിലവിൽ പ്രവർത്തിക്കുന്ന 'താംകീൻ' പദ്ധതിക്ക് സമാനമായ ഒന്നായതിനാൽ പുതിയ ഫണ്ട് ആവശ്യമില്ലെന്നാണ് സർക്കാറിന്റെ നിലപാട്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിന്റെ 98 ശതമാനവും നിലവിൽ താംകീൻ നൽകുന്നുണ്ടെന്നും, പുതിയ സ്ഥാപനം രൂപീകരിക്കുന്നത് അനാവശ്യ പൊതുചെലവിന് ഇടയാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
aa

