എ.ഐ ഉപയോഗിച്ച് കൃത്രിമ വൈറസുകൾ സൃഷ്ടിച്ചു: വൈദ്യശാസ്ത്ര രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്ന് ഗവേഷകർ
ഷീബ വിജയൻ
വാഷിങ്ടൺ: എ.ഐയുടെ സഹായത്തോടെ പ്രകൃതിയിൽ നിലവിലില്ലാത്ത പുതിയ വൈറസുകൾ ആദ്യമായി നിർമിച്ചതായി അമേരിക്കൻ ഗവേഷകർ. ഇത് ചികിത്സാരംഗത്ത് പുതിയ സാധ്യതകൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ജൈവസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ടെന്നും അവർ അറിയിച്ചു. സ്റ്റാൻഫോർഡ് സർവകലാശാലയിലെയും എം.ഐ.ടിയുടെയും ഹാവാർഡിന്റെയും സംയുക്ത ഗവേഷണ സ്ഥാപനമായ ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ ബാക്ടീരിയകളെ ബാധിക്കുന്ന ഒരുതരം വൈറസായ ഫേജിനെ മാതൃകയാക്കി എ.ഐ ഉപയോഗിച്ച് ആയിരക്കണക്കിന് ജീനോമുകൾ രൂപകൽപന ചെയ്തതായി പ്രമുഖ ശാസ്ത്ര ജേണലായ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി.
ഇതിൽ ഏകദേശം 300 ജീനോമുകൾ രാസരീതിയിൽ നിർമ്മിച്ച് ലബോറട്ടറിയിൽ പരീക്ഷിച്ചു. ഇവയിൽ 16 എണ്ണം പ്രവർത്തനക്ഷമമായ വൈറസുകളാണെന്ന് കണ്ടെത്തി. കൃത്രിമ വൈറസുകളുടെ മിശ്രിതം ഇ. കോളി ബാക്ടീരിയയെ നശിപ്പിക്കുന്നതിൽ സ്വാഭാവിക വൈറസുകളേക്കാൾ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ പരീക്ഷണത്തിൽ കണ്ടെത്തിയതായി അറിയിച്ചു.
ഡി.എൻ.എ ശ്രേണികളിലെ പരിണാമപരമായ നിയന്ത്രണങ്ങൾ എ.ഐ കൃത്യമായി തിരിച്ചറിയുകയും പ്രകൃതിയിൽ കാണപ്പെടാത്തതും മുൻകൂട്ടി നിശ്ചയിച്ച സവിശേഷതകളുള്ളതുമായ സമ്പൂർണ വൈറസ് ജീനോമുകൾ രൂപകൽപന ചെയ്യാൻ സാധിച്ചുവെന്നും പഠനത്തിൽ പറയുന്നു. അതിവേഗം രൂപംമാറുന്ന രോഗാണുക്കൾക്കെതിരെ കൂടുതൽ ഫലപ്രദമായ ഫേജ് ചികിത്സകൾ വികസിപ്പിക്കാനും ഭാവിയിൽ കൂടുതൽ സങ്കീർണമായ ജീനോമുകൾ രൂപകൽപന ചെയ്യുന്നതിനും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.
ആന്റിബയോട്ടിക് പ്രതിരോധമുള്ള അണുബാധകൾക്കെതിരെ ലക്ഷ്യമിട്ടുള്ള ഫേജ് ചികിത്സകൾ വികസിപ്പിക്കാൻ എ.ഐ സഹായകരമാകുമെന്നും എന്നാൽ പ്രവർത്തനക്ഷമമായ വൈറസുകൾ രൂപകൽപ്പന ചെയ്യാനുള്ള ഇതേ സാങ്കേതികവിദ്യ അപകടകാരികളായ രോഗാണുക്കൾ സൃഷ്ടിക്കാൻ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ശക്തമായ നിയന്ത്രണങ്ങളും പരിശോധനകളും മേൽനോട്ട സംവിധാനങ്ങളും അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഗവേഷണത്തെ ശ്രദ്ധേയമെന്നും പരീക്ഷണത്തിൽ ഉപയോഗിച്ച ഫേജ് വൈറസിന്റെ ജീനോം വളരെ ചെറുതും ലളിതവുമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. കോവിഡ്-19 വൈറസിന്റെ ജീനോം ഇതിന്റെ ആറിരട്ടി വലുതാണ്. അതിനാൽ അത്രയും സങ്കീർണമായ വൈറസുകൾ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഏകദേശം 100 മടങ്ങ് കൂടുതൽ പ്രയാസകരമായിരിക്കുമെന്നും പ്രകൃതിയിൽ ഇതിനകം നിരവധി അപകടകാരികളായ രോഗാണുക്കൾ ഉള്ളതിനാൽ പുതിയ രോഗാണുക്കളെ എ.ഐ ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുന്നത് യുക്തിസഹമല്ലെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.
dfdfsdfsdfdfss

