സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ 3 കമ്പനികളുടെ സിസ്റ്റം ഹാക്ക് ചെയ്ത് ഗൂഗിൾ ജെമിനി എഐ
ശാരിക
ന്യൂയോർക്ക്: സൈബർ സുരക്ഷാ പരീക്ഷണങ്ങൾക്കിടെ ഗൂഗിളിന്റെ മുൻനിര എഐ മോഡലായ ജെമിനി മൂന്ന് സ്വകാര്യ കമ്പനികളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ചും കൃത്യമായി ഊഹിച്ചെടുത്ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ചുമാണ് ജെമിനി വിവിധ സിസ്റ്റങ്ങളിൽ പ്രവേശനം നേടിയത്. എഐ സംവിധാനങ്ങളുടെ സൈബർ സുരക്ഷാ ശേഷി വിലയിരുത്തുന്ന സ്വതന്ത്ര സ്ഥാപനമായ 'ഇറഗുലർ' നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
ഒരു സിസ്റ്റത്തിൽ കടന്നുകൂടാൻ രഹസ്യ സുരക്ഷാ പാസ്‌വേഡുകൾ ആവർത്തിച്ച് ഊഹിച്ചെടുത്ത ജെമിനി ഒടുവിൽ ശരിയായ പാസ്‌വേഡ് കണ്ടെത്തുകയായിരുന്നു. മറ്റ് രണ്ട് സംഭവങ്ങളിൽ, ഇന്റർനെറ്റിലെ പൊതു റിപോസിറ്ററികളിൽ നിന്ന് കണ്ടെത്തിയ ക്രെഡൻഷ്യലുകൾ ഉപയോഗിച്ചാണ് ജെമിനി വിവരങ്ങൾ ചോർത്തിയത്. എന്നാൽ സിസ്റ്റത്തിൽ പ്രവേശനം നേടിയ ഉടൻ തന്നെ ജെമിനിയുടെ പ്രവർത്തനം തടഞ്ഞതായി ഗൂഗിൾ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ബാധിക്കപ്പെട്ട മൂന്ന് കമ്പനികളെയും വിവരമറിയിച്ചിട്ടുണ്ടെന്ന് ഗൂഗിൾ സെക്യൂരിറ്റി എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹീതർ അഡ്കിൻസ് അറിയിച്ചു. കൂടുതൽ ശേഷിയുള്ള എഐ മോഡലുകളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
എഐ മോഡലുകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ഇന്റർനെറ്റ് അക്‌സസും നൽകുമ്പോഴുണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിട്ടുണ്ട്. എഐ സുരക്ഷാ പരിശോധനകൾ പൂർണ്ണമായും നിയന്ത്രിത അതിരുകൾക്കുള്ളിൽ നിർത്തുവാൻ കൂടുതൽ ശക്തമായ മുൻകരുതലുകൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
sadsdsaads

