അമേരിക്കയുമായി ചർച്ചയില്ല; ഹുർമുസിൽ താൽക്കാലിക പാതയൊരുക്കാൻ ഒമാനുമായി ചർച്ചയെന്ന് ഇറാൻ
ഷീബ വിജയൻ
തെഹ്റാൻ: അമേരിക്കയുമായി നിലവിൽ നയതന്ത്ര ചർച്ചകളൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി. അമേരിക്കയുമായുള്ള ചർച്ചകൾ തിങ്കളാഴ്ച ഉച്ചക്കുശേഷം ആരംഭിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
നിലവിൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഒമാനുമായി ചേർന്ന് താൽക്കാലിക പാതയൊരുക്കാനുള്ള ചർച്ചകളിലാണ് തങ്ങളെന്ന് ബഖായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള ഒമാൻ സമുദ്രാതിർത്തിയും വടക്കുഭാഗത്തുള്ള ഇറാൻ സമുദ്രാതിർത്തിയും സംയോജിപ്പിച്ച് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന യാത്രാ ഇടനാഴി ആക്കി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇരുതീരങ്ങളിലെയും രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു താൽക്കാലിക ഇടനാഴി എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരമായൊരു സംവിധാനം വരുന്നതുവരെ ഈ താൽക്കാലിക പാത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും ഉപരോധങ്ങളും തുടരുന്നിടത്തോളം കാലം ഹുർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ബഖായി കൂട്ടിച്ചേർത്തു. അതേസമയം വാഷിങ്ടണുമായുള്ള ചർച്ചകളെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ബഖായി പൂർണമായും തള്ളി. ‘അമേരിക്കയുമായി ഞങ്ങൾ ചർച്ചകൾ നടത്തുന്നില്ലെന്നും വരും ദിവസങ്ങളിൽ തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളെ അയക്കാനോ സ്വീകരിക്കാനോ പദ്ധതിയില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഇതിനിടെ അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകളിൽ പുതിയതായി ഒരു മധ്യസ്ഥനുണ്ടാവില്ലെന്ന് ബഖായി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളിൽ ചൈനയ്ക്ക് ആശങ്കയുണ്ടെന്നും സാഹചര്യം വഷളാകാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ ബഖായി, ചർച്ചകളിൽ പുതിയതായി മധ്യസ്ഥരില്ലെന്നും, പാകിസ്താനും ഖത്തറുമാണ് ഈ ചുമതല നിർവഹിക്കുന്നതെന്നും വ്യക്തമാക്കി.
അതേസമയം യമൻ വിഷയം ഇറാനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ടതല്ലെന്നും യമനിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ബഖായി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഏതെങ്കിലും വിഷയങ്ങളെ ഇറാനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെടുത്തുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേഖലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് അമേരിക്കയും അവരുടെ കൂട്ടാളികളുമാണ് ഉത്തരവാദികളെന്നും, ആക്രമണകാരികൾക്ക് ഒപ്പം നിൽക്കുന്നവരാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെയുള്ള യുദ്ധം ഒരു രാജ്യത്തിനെതിരെ മാത്രമുള്ളതല്ലെന്നും, അത് മുഴുവൻ പ്രദേശത്തിനും അവിടുത്തെ രാജ്യങ്ങളുടെ സുരക്ഷയ്ക്കും എതിരായ യുദ്ധമാണെന്നും ബഖായി പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യവും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പ്രദേശങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതും അസ്ഥിരത വർധിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ സാഹചര്യം വഷളാകാതിരിക്കാൻ മേഖലയിലെ രാജ്യങ്ങൾ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsdfdfdfs

