ബഹ്‌റൈനിൽ ഡെലിവറി ബൈക്കുകൾക്ക് പുതിയ നിയന്ത്രണം വരുന്നു; ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ശുപാർശ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ഡെലിവറി മോട്ടോർ സൈക്കിളുകളെ ലാൻഡ് ട്രാൻസ്‌പോർട്ട് (കരഗതാഗത) നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനായുള്ള പ്രത്യേക കരട് നിയമം മന്ത്രാലയം തയ്യാറാക്കുന്നു. ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഈ നീക്കം.
വ്യവസായ വാണിജ്യ മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുമായി സഹകരിച്ച് ഡെലിവറി സേവനങ്ങളെ കരഗതാഗത സംവിധാനത്തിന് കീഴിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിയോട് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പൊതുഗതാഗത നിയമപ്രകാരം ഡെലിവറി സർവീസുകൾ ലാൻഡ് ട്രാൻസ്‌പോർട്ട് സെക്ടറിന്റെ പരിധിയിൽ വരുന്നതല്ലെന്നും, പുതിയ കരട് നിയമം നിലവിൽ വരുന്നതോടെ ഈ നിയമപരമായ അപര്യാപ്തത പരിഹരിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
റോഡ് സുരക്ഷ, റൈഡർമാരുടെ പരിശീലനം, വാഹനങ്ങളുടെ ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനുള്ള കൃത്യമായ നിയമപുസ്തകം തയ്യാറാക്കുന്നത് വരെ പുതിയ ഡെലിവറി പെർമിറ്റുകൾ നൽകുന്നത് നിർത്തലാക്കണമെന്ന് എം.പി മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തിലുള്ള സംഘം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമീപവർഷങ്ങളിൽ ഈ മേഖലയിലുണ്ടായ വൻ വളർച്ച കാരണം മതിയായ പരിശീലനമോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ നിരവധി വ്യക്തികളും കമ്പനികളും വിപണിയിലേക്ക് എത്തിയിട്ടുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവെക്കുന്നത് സാങ്കേതികവും ട്രാഫിക് പരവുമായ കർശന നിയമങ്ങൾ രൂപീകരിക്കാൻ അധികൃതർക്ക് സമയം നൽകും.
നിലവിൽ ഡെലിവറി വിപണി അതിന്റെ പരമാവധിയിൽ (Saturation Point) എത്തിനിൽക്കുകയാണെന്നും, നിരത്തുകളിൽ ഡെലിവറി ബൈക്കുകളുടെ എണ്ണം അമിതമായി വർദ്ധിച്ചത് രാജ്യത്തെ ഗതാഗത ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എം.പിമാരുടെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
േ്േു്േിു

