ഭീമൻ റോക്കറ്റായ 'സ്റ്റാർഷിപ്പ് V3' വിജയകരമായി പരീക്ഷിച്ച് സ്‌പേസ് എക്സ്


ഷീബ വിജയൻ

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ 'സ്റ്റാർഷിപ്പിന്റെ' മൂന്നാം തലമുറ പതിപ്പ് (V3) വിജയകരമായി പരീക്ഷിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്സ്. വെള്ളിയാഴ്ച ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന പേടകം പരീക്ഷണ പറക്കലിനൊടുവിൽ ആസൂത്രണം ചെയ്തതുപോലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിയന്ത്രിതമായി പതിച്ചു. ചില ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും ദൗത്യം വൻ വിജയമാണെന്ന് കമ്പനി അറിയിച്ചു. പരീക്ഷണത്തിനിടെ ഒരു എഞ്ചിന് തകരാർ സംഭവിച്ചതിനെ തുടർന്ന് പേടകം കൃത്യമായ ഭ്രമണപഥത്തിലല്ല എത്തിച്ചേർന്നതെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പാതയിൽ തന്നെയായിരുന്നു സഞ്ചരിച്ചത്. റോക്കറ്റിൽ നിന്ന് വേർപെട്ട 'സൂപ്പർ ഹെവി ബൂസ്റ്റർ' വിചാരിച്ചതുപോലെ നിയന്ത്രിതമായി തിരിച്ചിറക്കാൻ സാധിക്കാതെ മെക്സിക്കോ ഉൾക്കടലിൽ പതിച്ചെങ്കിലും പുനർരൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യകൾ ഭൂരിഭാഗവും വിജയകരമായി പ്രവർത്തിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു. ദൗത്യം അതിഗംഭീരമായിരുന്നുവെന്നും നിങ്ങൾ മനുഷ്യരാശിക്ക് വേണ്ടിയാണ് ഈ ഗോൾ നേടിയിരിക്കുന്നത് എന്നും ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. നാസയുടെ സ്വപ്ന പദ്ധതിയായ 'ആർട്ടെമിസ്' ദൗത്യത്തിന് സ്റ്റാർഷിപ്പിന്റെ വിജയം അത്യന്തം അനിവാര്യമാണ്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിക്കായി ചാന്ദ്ര ലാൻഡിങ് പേടകം നിർമിക്കുന്നത് സ്‌പേസ് എക്സാണ്. 2028-ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

article-image

ASASDASDASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed