റിഫയിൽ പുതിയ അവന്യൂ ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ ഡെപ്യൂട്ടി പ്രധാനമന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ഹുനൈനിയ അവന്യൂവിനെയും അൽ മുഅസ്കർ ഹൈവേയെയും പരസ്പരം ബന്ധിപ്പിക്കുന്ന റിഫയിലെ പുതിയ റോഡായ 'ശൈഖ് അബ്ദുള്ള ബിൻ സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ അവന്യൂ' ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അതിവേഗ നഗരവൽക്കരണത്തിന് അനുസൃതമായി റോഡ് ശൃംഖലകൾ ആധുനികവൽക്കരിക്കാനുള്ള ബഹ്‌റൈന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാത നിർമ്മിച്ചിരിക്കുന്നത്. ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ദീർഘവീക്ഷണത്തിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ തന്ത്രപരമായ മുൻഗണനയാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. റോഡുകളെ കേവലം രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാതകളായല്ല, മറിച്ച് സാമ്പത്തിക പ്രവർത്തനങ്ങളുടെയും നഗര വികസനത്തിന്റെയും ചാലകശക്തിയായാണ് സർക്കാർ വീക്ഷിക്കുന്നത്. ഇത്തരം സുപ്രധാന പദ്ധതികൾ രാജ്യത്തെ വിവിധ പ്രദേശങ്ങളെയും മറ്റ് സംവിധാനങ്ങളെയും ഫലപ്രദമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും ബഹ്‌റൈന്റെ ആഗോള മത്സരക്ഷമത ഉയർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ശൈഖ് ഖാലിദ് കൂട്ടിച്ചേർത്തു.
േിേ്ിേ

