ബഹ്‌റൈനിൽ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും കടുത്ത നിയന്ത്രണം; നിയമലംഘകർക്കെതിരെ കർശന ട്രാഫിക് നിയമനടപടി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇ-സ്കൂട്ടർ, ഇ-ബൈക്ക് അപകടങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പുതിയ ട്രാഫിക് പരിഷ്കരണ ഉത്തരവ് (Decision No. 58 of 2026) പുറപ്പെടുവിച്ചു. ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ, റഫ് ടെറൈൻ വാഹനങ്ങൾ (ക്വാഡ് ബൈക്കുകൾ), ഗോൾഫ് കാർട്ടുകൾ, കുട്ടികളുടെ ചെറിയ കളിപ്പാട്ട വാഹനങ്ങൾ എന്നിവയെല്ലാം ഇനി മുതൽ ബഹ്‌റൈന്റെ 2014-ലെ ട്രാഫിക് നിയമത്തിന്റെ പരിധിയിൽ വരും. ഇവ ഉപയോഗിക്കുന്നവരുടെ പ്രായം, വേഗത, സുരക്ഷാ ഉപകരണങ്ങൾ, പാർക്കിംഗ്, അനുമതിയുള്ള റോഡുകൾ എന്നിവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പ്രത്യേകമായി അടയാളപ്പെടുത്തിയ ട്രാക്കുകളിലൂടെയും, മണിക്കൂറിൽ 50 കിലോമീറ്ററിൽ താഴെ വേഗത നിശ്ചയിച്ചിട്ടുള്ള ജനവാസ മേഖലകളിലെ ഉൾറോഡുകളിലൂടെയും മാത്രമേ ഓടിക്കാൻ പാടുള്ളൂ. റിംഗ് റോഡുകൾ, എക്സ്റ്റേണൽ റോഡുകൾ, വേഗത പരിധി 50 കിലോമീറ്ററിന് മുകളിലുള്ള പ്രധാന ഹൈവേകൾ എന്നിവയിൽ ഇവ പൂർണ്ണമായും നിരോധിച്ചു. യാത്രക്കാർ യാതൊരു കാരണവശാലും മണിക്കൂറിൽ 25 കിലോമീറ്ററിലധികം വേഗതയിൽ പോകരുത്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വേഗത ഇനിയും കുറയ്ക്കണം.

16 വയസ്സിന് താഴെയുള്ളവർ ഇ-ബൈക്കുകൾ ഉപയോഗിക്കാൻ പാടില്ല. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർക്ക് 7 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; ഇതിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ സ്കൂട്ടർ ഓടിച്ചാൽ അത് ലൈസൻസില്ലാതെ വാഹനം ഓടിച്ച കുറ്റമായി കണക്കാക്കും. കൂടാതെ, ഇ-ബൈക്കുകളിലും ഇ-സ്കൂട്ടറുകളിലും ഒപ്പമൊരാളെ ഇരുത്തി യാത്ര ചെയ്യുന്നത് (Pillion Riding) പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

ഇ-ബൈക്ക് യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ ഇ-സ്കൂട്ടർ ഓടിക്കുന്നവർ ഹെൽമെറ്റിന് പുറമെ കൈകൾ, തോളുകൾ, കാലുകൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്ന ഇംപാക്ട് ഗാർഡുകളും ധരിച്ചിരിക്കണം. റഫ് ടെറൈൻ (റോഡ് ഇതര) വാഹനങ്ങൾ ഓടിക്കുന്നവർ അന്താരാഷ്ട്ര അംഗീകാരമുള്ള ഹെൽമെറ്റ്, പ്രത്യേക ഗോoggles, ലോങ് ബൂട്ട്സ്, ഫുൾ സ്ലീവ് ജാക്കറ്റ്, ഫുൾ ഇംപാക്ട് പ്രൊട്ടക്ഷൻ എന്നിവ ധരിക്കേണ്ടതുണ്ട്. ഇത്തരം ഓഫ്-റോഡ് വാഹനങ്ങൾ പൊതുറോഡുകളിലൂടെ കൊണ്ടുപോകുമ്പോൾ ട്രെയിലറുകളിൽ കയറ്റി മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.

റഫ് ടെറൈൻ ബൈക്കുകളും കാറുകളും ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ അനുവദിക്കുന്ന പ്രത്യേക സമയങ്ങളിലും സ്ഥലങ്ങളിലും അല്ലെങ്കിൽ സ്വകാര്യ റോഡുകളിൽ മാത്രമേ ഉപയോഗിക്കാവൂ. 16 വയസ്സിന് താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഇവ ഉപയോഗിച്ചാൽ ഉണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും രക്ഷിതാക്കൾക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തം. ഇത്തരം വാഹനങ്ങൾ പൊതുറോഡിൽ ഇറക്കണമെങ്കിൽ കൃത്യമായ രജിസ്ട്രേഷനും നമ്പർ പ്ലേറ്റും സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

കുട്ടികളുടെ ചെറിയ കളിപ്പാട്ട വാഹനങ്ങൾ പാർക്കുകളിലും പ്ലേ ഗ്രൗണ്ടുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇവ പ്രധാന റോഡുകളിൽ ഇറക്കാൻ പാടില്ല.

എല്ലാ വാഹനങ്ങൾക്കും കൃത്യമായി പ്രവർത്തിക്കുന്ന ടയറുകൾ, ലൈറ്റുകൾ, ബ്രേക്ക്, ഹോൺ എന്നിവ ഉണ്ടായിരിക്കണം. വൺവേ തെറ്റിച്ചുള്ള യാത്ര, സിഗ്സാഗ് ഡ്രൈവിംഗ്, അമിതവേഗത, മറ്റ് വലിയ വാഹനങ്ങളിൽ പിടിച്ച് വലിയുക എന്നിവ കർശനമായി നിരോധിച്ചു. റോഡ് ജംഗ്ഷനുകളിലോ റോഡ് വശങ്ങളിലോ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യാൻ പാടില്ല. പൊതുസുരക്ഷ മുൻനിർത്തി ആവശ്യമെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കാനും നിശ്ചിത സമയങ്ങളിൽ ഇവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്താനും ട്രാഫിക് ഡയറക്ടർ ജനറലിന് പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

article-image

േ്േ്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed