ഇറാൻ വിപ്ലവ ഗാർഡിനായി ചാരപ്രവർത്തനം; ഒൻപത് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജ്യത്തിനെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ദേശീയ സുരക്ഷ തകർക്കാനും ലക്ഷ്യമിട്ട് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) വേണ്ടി ചാരപ്രവർത്തനം നടത്തിയ ഒൻപത് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതേ കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് കണ്ടെടുത്ത മുഴുവൻ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് വ്യത്യസ്ത കേസുകളിലായി പുറത്തുവന്ന വിധിന്യായത്തിലൂടെ, ബഹ്‌റൈന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ഒരു പിടികിട്ടാപ്പുള്ളി നയിച്ചിരുന്ന സങ്കീർണ്ണമായ ചാരശൃംഖലയെയാണ് സുരക്ഷാ വിഭാഗം തകർത്തത്. ഒന്നാമത്തെ കേസിൽ, ഈ പിടികിട്ടാപ്പുള്ളി ബഹ്‌റൈനുള്ളിലെ ഒരു പ്രാദേശിക ഏജന്റിനെ റിക്രൂട്ട് ചെയ്യുകയും, രാജ്യത്തെ അതീവ പ്രാധാന്യമുള്ള ദേശീയ സ്ഥാപനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് ഇറാൻ വിപ്ലവ ഗാർഡിന് കൈമാറാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ ശൃംഖലയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഇറാനിൽ നിന്ന് ക്രിപ്‌റ്റോകറൻസി, എക്സ്ചേഞ്ച് ബിസിനസ്സ് നടത്തുന്ന മൂന്നാമതൊരു പ്രതിയുടെ സഹായത്തോടെ ബഹ്‌റൈനിലെയും ഇറാനിലെയും ബാങ്ക് അക്കൗണ്ടുകൾ വഴി പണം എത്തിച്ചു നൽകി. മറ്റ് രണ്ട് പ്രതികൾ ഈ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് മനഃപൂർവ്വം ഒത്താശ ചെയ്തതായും കണ്ടെത്തി.

രണ്ടാമത്തെ കേസിൽ, ഇതേ പിടികിട്ടാപ്പുള്ളി ബഹ്‌റൈനിൽ സമാന്തരമായി മറ്റൊരു ശൃംഖല കൂടി ഉണ്ടാക്കിയതായി വ്യക്തമായി. രാജ്യത്തെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾക്ക് അടിത്തറയിടാനും കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യാനുമായിരുന്നു ഈ സംഘത്തെ നിയോഗിച്ചിരുന്നത്. ശേഖരിച്ച രഹസ്യവിവരങ്ങൾ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെയുള്ള ശത്രുതാപരമായ നീക്കങ്ങൾക്കായി നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മറ്റൊരു കേസിൽ ബഹ്‌റൈനെതിരെയുള്ള ഭീകരാക്രമണങ്ങളെ പ്രകീർത്തിക്കുകയും, നിരോധിത മേഖലകളുടെ ചിത്രങ്ങൾ പകർത്തുകയും, രഹസ്യ വിവരങ്ങൾ കൈവശം വെയ്ക്കുകയും ചെയ്ത മൂന്ന് പ്രതികൾക്ക് പത്ത് വർഷം വീതം തടവും 2000 ബഹ്‌റൈൻ ദീനാർ പിഴയും കോടതി വിധിച്ചു. സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീകരപ്രവർത്തനങ്ങളെ പ്രശംസിച്ചതും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും കണ്ടെത്തിയത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിലൂടെ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായും കോടതി വ്യക്തമാക്കി.

article-image

േ്ുേു

You might also like

  • Lulu Exchange
  • Straight Forward

Most Viewed