പ്രതിപക്ഷ നേതാവിനെ പുറത്താക്കിയ കോടതിവിധിക്കെതിരെ തുർക്കിയിൽ ജനരോഷം; രാജ്യം തെരുവിലേക്ക്
ഷീബ വിജയൻ
തുർക്കിയിൽ പ്രതിപക്ഷ നേതാവ് ഓസ്ഗുർ ഓസലിനെ പദവിയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള അപ്പീൽ കോടതിവിധിക്കെതിരെ രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ ഭരണത്തിന് കടുത്ത വെല്ലുവിളിയുയർത്തിയ നേതാവിനെ മാറ്റിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിൽ 2023-ൽ നടന്ന നേതൃത്വ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് അങ്കാറയിലെ അപ്പീൽ കോടതിയുടെ അസാധാരണ ഉത്തരവ് പുറത്തുവന്നത്. ഓസ്ഗുറിനെ മാറ്റി മുൻഗാമി കെമാൽ കിലിച്ദാരോഗ്ലുവിനെ നിയമിക്കാൻ കോടതി ഉത്തരവിട്ടത് എർദോഗൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിഷേധം അടിച്ചമർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രതിപക്ഷ നേതാക്കളെ ഭരണകൂടം ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
SWSASWASAW

