ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' പരാമർശത്തിനെതിരെയുള്ള ഹർജി തള്ളി സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമർശത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. "ഇതിനെ അത്ര വൈകാരികമായി എടുക്കേണ്ടതില്ല" എന്ന് ഉപദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിക്കളയുകയായിരുന്നു.
കോടതി നടപടികളെ മനഃപൂർവ്വം വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എൻ.കെ. ഗോസ്വാമിയാണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഡിജിറ്റൽ യുഗത്തിലെ ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ മുറിച്ചെടുത്ത് സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും, ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മേയ് 15-ന് ഒരു കേസിന്റെ വാദത്തിനിടയിലാണ് വ്യാജ നിയമ ബിരൂദം ഉപയോഗിച്ച് അഭിഭാഷകരായി ചമയുന്നവരെയും, വ്യാജ മാധ്യമപ്രവർത്തകരെയും വിമർശിക്കാൻ ചീഫ് ജസ്റ്റിസ് 'പാറ്റ' അല്ലെങ്കിൽ 'പരജീവികൾ' എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയാണ് പാറ്റകളോട് ഉപമിച്ചതെന്ന രീതിയിൽ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഇത് വലിയ വിവാദമാക്കി മാറ്റി. തുടർന്ന് ചീഫ് ജസ്റ്റിസിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു കൂട്ടായ്മയും രൂപപ്പെട്ടു.
ഇതിനെതിരെ മേയ് 16-ന് തന്നെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ യുവാക്കളെ അല്ല, മറിച്ച് വ്യാജ ബിരുദങ്ങളുമായി മാന്യമായ തൊഴിൽ മേഖലകളിലേക്ക് നുഴഞ്ഞുകയറുന്ന തട്ടിപ്പുകാരെയാണ് വിമർശിച്ചതെന്നും, രാജ്യത്തെ യുവാക്കളെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളെ വെറും 'വൈറൽ കാഴ്ചകളാക്കി' മാറ്റുന്ന ട്രോൾ സംസ്കാരത്തിനെതിരെ ഹർജിയിൽ ശക്തമായ വാദങ്ങൾ ഉന്നയിച്ചെങ്കിലും, ഇത്തരം കാര്യങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
DSDSDSF

