ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ വർഷം; അബുദാബിയിൽ രണ്ട് മരണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദുബായ്/അബുദാബി: ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ നടുക്കി ഇറാന്റെസൈനികാക്രമണം. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ വർഷത്തിൽ അബുദാബിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ദുബായിലെ പ്രശസ്തമായ 'ദി പാം' ദ്വീപിന് സമീപം സ്ഫോടനത്തെത്തുടർന്ന് പുകയും തീയും ഉയർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി.
യുഎഇക്ക് നേരെ മാത്രം 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. മിക്കവയും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബിയിൽ തന്നെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പാകിസ്ഥാൻ പൗരനും കൊല്ലപ്പെട്ടു. ദുബായ് വിമാനത്താവളത്തിൽ നാല് പേർക്കും പാം ജുമൈറയിൽ നാല് പേർക്കും പരിക്കേറ്റതായാണ് വിവരം.
ഖത്തറിന് നേരെ 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇവിടെ എട്ട് പേർക്ക് പരിക്കേറ്റു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടാവുകയും വ്യോമതാവളത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും അമേരിക്കൻ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് സമീപവും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനാമയിലെ ജുഫൈർ മേഖലയിൽ നിന്ന് താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു. ആക്രമണത്തെത്തുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഫോണിൽ സംസാരിക്കുകയും പരസ്പര പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
സമാധാനത്തിന്റെ കേന്ദ്രമായി കരുതപ്പെട്ടിരുന്ന ഗൾഫ് മേഖലയിൽ യുദ്ധം പടരുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തം നാടിനേക്കാൾ സുരക്ഷിതമെന്ന് കരുതി ഗൾഫിലെത്തിയ തങ്ങൾ ഇനി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് പലരും. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.


