പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു
ഷീബ വിജയ൯
കാബൂൾ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് അഞ്ച് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്ന് തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക്കിനടുത്തുള്ള അതിർത്തി പ്രദേശത്തെ ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഘർഷത്തെ തുടർന്ന് സ്പിൻ ബോൾഡക്കിൽ നിന്ന് ആളുകൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഏറ്റുമുട്ടലിന് തുടക്കമിട്ടതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി. അഫ്ഗാൻ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി പാക്കിസ്ഥാൻ പോലീസും ചാമനിലെ ആശുപത്രി ഉദ്യോഗസ്ഥരും പറഞ്ഞു. ശനിയാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു. ഒക്ടോബർ ഒൻപതിന് കാബൂളിൽ നടന്ന സ്ഫോടനങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉയർന്ന നിലയിലായത്. സംഭവത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയ താലിബാൻ സർക്കാർ, പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
dwseweswd
