'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 56 ആയി
ശാരിക / കൊളംബിയ
ശ്രീലങ്കയിൽ 'ഡിറ്റ് വാ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി. 21 പേരെ കാണാതായിട്ടുണ്ട്. 600-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
ഒരാഴ്ചയായി അതിശക്തമായ മഴ തുടരുന്നുണ്ടെങ്കിലും വ്യാഴാഴ്ചയോടെയാണ് ശ്രീലങ്കയിൽ സ്ഥിതി കൂടുതൽ വഷളായത്. മരണപ്പെട്ടവരിൽ 25 പേർ മണ്ണിടിച്ചിലിൽ പെട്ടവരാണ്. 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കനത്ത മഴയെത്തുടർന്ന് റിസർവോയറുകളും നദികളും കരകവിഞ്ഞൊഴുകുന്നതു മൂലം റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ കടപുഴകി വീണും മണ്ണിടിഞ്ഞും റോഡുകളും റെയിൽവേ ട്രാക്കുകളും തടസപ്പെട്ടത് മൂലം പല ഭാഗത്തേക്കുമുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊളംബോയിലിറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങൾ വഴിതിരിച്ച് തിരുവനന്തപുരത്തേക്ക് വിട്ടു. എത്തിഹാദ് EY394D (A321), എയർ ഏഷ്യ AK047D (A320), ശ്രീലങ്കൻ എയർലൈൻസ് UL226 (A330), UL218D (A320) എന്നീ വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്. ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ തമിഴ്നാട്- പോണ്ടിച്ചേരി- ആന്ധ്രാ തീരങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കുവാനും മുന്നറിയിപ്പ് നൽകി.
കേരളത്തിൽ 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
sgdsfg
