"തിരിച്ചടിയല്ലാതെ മറ്റു വഴികളില്ലായിരുന്നു"; ഗൾഫ് രാജ്യങ്ങളോട് വിശദീകരണവുമായി ഇറാൻ പ്രസിഡന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടി നൽകുകയല്ലാതെ ഇറാന് മുന്നിൽ മറ്റു പോംവഴികൾ ഇല്ലായിരുന്നുവെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, യുഎഇ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സിവിലിയൻ-ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ വിശദീകരണം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) ആണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. "അയൽരാജ്യങ്ങളുടെ സഹായത്തോടെ ഒരു യുദ്ധം ഒഴിവാക്കാൻ ഇറാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ രാജ്യത്തെ പ്രതിരോധിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി," അദ്ദേഹം കുറിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ ഇറാൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aa


