ഇസ്രായേലിൽ സൈനിക സേവനത്തിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി; വൻ സംഘർഷം
 
                                                            ഷീബ വിജയൻ
ജറുസലേം: നിർബന്ധിത സൈനിക സേവനത്തിനെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധവുമായി അതീവ യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ തെരുവിലിറങ്ങി. ‘ദലക്ഷം പേരുടെ പ്രതിഷേധം’ എന്ന പേരിൽ നടന്ന പരിപാടി സംഘർഷത്തിലും ഒരു യുവാവിന്റെ മരണത്തിലും കലാശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ജറുസലേമിന്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് രണ്ട് ലക്ഷത്തിലേറെ ഹരേദികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
പ്രകടനം കാണാൻ ബഹുനില കെട്ടിടത്തിൽ കയറിനിന്ന യുവാവ് ദുരൂഹസാഹചര്യത്തിൽ വീണുമരിച്ചു. മെനാഹേം മെൻഡൽ ലിറ്റ്‌സ്‌മാൻ എന്ന 20കാരനാണ് മരിച്ചത്. മരണവാർത്ത പരന്നതോടെ സംഘാടകർ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും സുരക്ഷിതമായി പിരിഞ്ഞുപോകാൻ പങ്കെടുത്തവരോട് ആവശ്യപ്പെടുകയും ചെയ്തു. പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രാർത്ഥനാ റാലി എന്ന നിലയിലാണ് പ്രതിഷേധം പ്രഖ്യാപിച്ചതെങ്കിലും ഏകദേശം 2,00,000 പേരടങ്ങുന്ന ജനക്കൂട്ടത്തിൽ ചിലർ അക്രമാസക്തരായി. ചിലർ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ തത്സമയ സംപ്രേക്ഷണത്തിനിടെ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തോടെയാണ് റിപ്പോർട്ടിങ് തുടർന്നത്. സമരക്കാരെ പിരിച്ചുവിടാൻ ബലംപ്രയോഗിച്ചത് പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. പ്രതിഷേധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും നൂറുകണക്കിന് യുവാക്കൾ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.
ewfdsdfsdfs
 
												
										 
																	