രജനീകാന്ത് അഭിനയം നിർത്തുന്നു
 
                                                            ഷീബ വിജയൻ
കൊച്ചി I സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയം നിർത്തുന്നതായി റിപ്പോർട്ട്. കമൽഹാസനൊപ്പം അഭിനയിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം രജനീകാന്തിന്റെ വിടവാങ്ങൽ ചിത്രമായിരിക്കുമെന്നാണ് പുതിയ വാർത്ത. രാജ് കമൽ ഫിലിംസ് ഇന്റർനാഷനൽ (ആർ.കെ.എഫ്.ഐ) നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധാനം ലോകേഷ് കനകരാജ് ആണെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ ജയിലർ 2ൽ സംവിധായകൻ നെൽസൻ ആയിരിക്കും സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന ചിത്രത്തിന്‍റെ സംവിധായകനെന്നാണ് ഏറ്റവും പുതിയ വിവരം. 2028ൽ മാത്രമേ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകൂ.
അതേസമയം, രജനീകാന്ത് ആർ.കെ.എഫ്.ഐയുമായി തന്നെ മറ്റൊരു സിനിമ ചെയ്യുന്നുണ്ട്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡ് നിർമാതാവ് സാജിദ് നദിയാദ്‌വാലക്കും രജനീകാന്ത് ഡേറ്റ് നൽകിയിരുന്നു. എന്നാൽ ആ സിനിമയെക്കുറിച്ച് ഇതുവരെ ഒരു അപ്‌ഡേറ്റും ലഭ്യമല്ല. 46 വർഷങ്ങൾക്ക് ശേഷമാണ് രജനീകാന്തും കമൽഹാസനും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്ന് കമലഹാസൻ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് രജനീകാന്തും ഇക്കാര്യം സ്ഥിരീകരിച്ചു. സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ്‌സിന്‍റെ വേദിയിലായിരുന്നു രജനീകാന്തിനൊപ്പം അഭിനയിക്കാനൊരുങ്ങുന്നു എന്ന് കമൽഹാസൻ പ്രഖ്യാപിച്ചത്.
czxxzcxzcxz
 
												
										 
																	