70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കിയ ‘ബൂബി ട്രാപ് റോബോട്ട്’; ഇസ്രായേൽ ഉപയോഗിച്ചത് ലോകം വിലക്കിയ ആയുധം
ഷീബ വിജയൻ
ഗസ്സ I ഗസ്സയിൽ 70,000ത്തോളം മനുഷ്യരെ നിഷ്ഠൂരമായി കൊന്നൊടുക്കിയത് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’. മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തലിനു പിന്നാലെ ഫലസ്തീനികൾ സ്വന്തം വീടുകൾ തേടി ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ഒന്നും ശേഷിപ്പിക്കാതെ തകർത്ത ‘ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ’ പ്രഹരശേഷിയെ ലോകം അറിയുന്നത്.
മൂന്ന് മുതൽ അഞ്ചു ടൺ വരെ സ്ഫോടന വസ്തുക്കൾനിറച്ച ശേഷം, വീടുകളും ആശുപത്രികളും ഉൾപ്പെടെ കെട്ടിട സമുച്ചയങ്ങൾ നിറഞ്ഞ പ്രദേശത്ത് ‘ബൂബി ട്രാപ്ഡ് റോബോട്ട്’ സൈനിക ബുൾഡോസറുകളുടെ സാഹയത്തോടെ നിരക്കി നീക്കി ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ശേഷം, അകലങ്ങളിരിക്കുന്ന സൈനികർ വിദൂര നിയന്ത്രിത റിമോട്ടിലൂടെ സ്ഫോടനം നടത്തും. നൂറ് മുതൽ 300 വരെ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വമ്പൻ സ്ഫോനത്തിലൂടെ ചുറ്റുപാടിനെ നരകമാക്കുന്നതാണ് ഇതെന്ന് വിദഗ്ധർ വിശദീകരിക്കുന്നു.
