പാരിസിലെ ലോകപ്രശസ്ത ലൂവ്ര് മ്യൂസിയത്തിൽ നിന്നും അമൂല്യ സ്വർണാഭരണങ്ങൾ മോഷണം പോയി

ശാരിക
പാരിസ് l ഡാവിഞ്ചിയുടെ മൊണാലിസ ചിത്രമുൾപ്പെടെ സൂക്ഷിച്ച ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ ലോകപ്രശസ്ത ലൂവ്ര് മ്യൂസിയത്തിൽ വൻ മോഷണം. ഫ്രഞ്ച് സാംസ്കാരിക മന്ത്രി രചിത ദത്തിയാണ് എക്സ് പോസ്റ്റിലൂടെ മോഷണവിവരം ലോകത്തെ അറിയിച്ചത്.
“ഇന്ന് പുലർച്ചെ ലൂവ്ര് മ്യൂസിയം തുറന്നതിനു പിന്നാലെ ഒരു കവർച്ചയുണ്ടായി. സംഭവത്തിൽ അപായമില്ല. മ്യൂസിയം സ്റ്റാഫിനും പൊലീസിനുമൊപ്പം സ്ഥലത്തെത്തിയിട്ടുണ്ട്” - എന്നിങ്ങനെയാണ് മന്ത്രി സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചത്. എന്നാൽ വിശദാംശങ്ങൾ പുറത്തുവിടാൻ മന്ത്രി തയാറായില്ല. പിന്നീട് ഫ്രഞ്ച് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച കടുതൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
മ്യൂസിയത്തിന്‍റെ സെൻ നദിക്ക് അഭിമുഖമായ ഭാഗത്ത് നിലവിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. മോഷ്ടാക്കൾ ആസൂത്രിതമായി ഇവിടെ എത്തുകയായിരുന്നു. ഇവിടെനിന്ന് ലിഫ്റ്റ് വഴി അപ്പോളോ ഗ്യാലറിയിലെത്തി ജനാലകൾ തകർത്ത് അകത്തുകടക്കുകയായിരുന്നു. ഒമ്പത് അമൂല്യ സ്വർണാഭരണങ്ങൾ മോഷ്ടിച്ച 3 അംഗ കവർച്ചാ സംഘം സംഭവസ്ഥത്തുനിന്ന് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ആഭരണമുൾപ്പെടെ കവർന്നതായാണ് വിവരം. 1804ൽ നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ സ്ഥാനാരോഹണ സമയത്ത് അദ്ദേഹവും പത്നിയും ധരിച്ച ആഭരണങ്ങളുൾപ്പെടെ മോഷ്ടിച്ചെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്.
33,000ത്തിലേറെ അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള ലൂവ്ര് മ്യൂസിയത്തിന് പത്ത് ഫുട്ബാൾ കോർട്ടിന്‍റെ വലിപ്പമുണ്ട്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്.
rgdg