യു.എസ് അയയുന്നു; ഇന്ത്യയുമായി ചർച്ച തുടരുമെന്ന് ട്രംപ്, താനും പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മോദി

ഷീബ വിജയൻ
വാഷിങ്ടൺ I വ്യാപാര തീരുവ സംബന്ധിച്ച തർക്കത്തിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്ചകളിൽ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും. ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. 'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'. -ട്രംപ് വ്യക്തമാക്കി. വ്യാപാര തീരുവ വിഷയത്തിൽ ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം ഡോണാൾഡ് ട്രംപ് രൂക്ഷവിമർശനം നടത്തിയിരുന്നു. ഇന്ത്യ കാലങ്ങളായി യു.എസിൽ നിന്ന് വൻ തീരുവ ഈടാക്കിയിരുന്നുവെന്നും അതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പക്ഷത്തിന് മാത്രം ഗുണമുള്ളതായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. തന്റെ കാലത്തോടെയാണ് അതിൽ മാറ്റം വന്നതെന്നും ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ അനന്തമായ സാധ്യതകള്‍ തുറക്കാന്‍ വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളുടെയും സംഘങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്‍റ് ട്രംപുമായി സംസാരിക്കുന്നതിനായി ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുരാജ്യത്തെയും ജനങ്ങളുടെ ശോഭനവും കൂടുതല്‍ മംഗളകരവുമായ ഭാവിക്കുവേണ്ടി നാം യോജിച്ചു പ്രവര്‍ത്തിക്കും.'- മോദി എക്‌സില്‍ കുറിച്ചു.
SWDSDFSDFS