ജപ്പാനുമായി 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരിക
ന്യൂഡൽഹി l രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ജപ്പാനുമായി 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സർക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉൽപ്പാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് സന്ദർശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ ചേർന്ന് ചന്ദ്രന്റെ ധ്രുവ മേഖലയിൽ നടത്തുന്ന സംയുക്ത പര്യവേക്ഷണമായ ചന്ദ്രയാൻ -5 ദൗത്യത്തിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിൽ 10 ട്രില്യൺ യെൻ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപം പത്ത് വർഷത്തിനുള്ളിൽ നടത്താൻ ജപ്പാൻ ലക്ഷ്യമിടുന്നുണ്ട്.
പ്രതിരോധ രംഗത്ത് സഹകരണവും സാമ്പത്തിക പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. ആഗോള തലത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും. സെമികണ്ടക്ടറുകൾ, ക്ലീൻ എനർജി. ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ധാതു ഖനനം, സാങ്കേതികവിദ്യ മേഖലകളിലും കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്.
ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ മോദി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ഇവിടെ വച്ച് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങുമായടക്കം ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കയുടെ താരിഫ് നയംമാറ്റത്തെ തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിലുണ്ടായ ഉലച്ചിലിനിടെ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി ഷീ ജിൻപിങ് സൂചനകൾ നൽകിയിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ ഷീ ജിൻപിങ് ബന്ധം മെച്ചപ്പെടുത്താനുള്ള താത്പര്യങ്ങൾ അറിയിച്ചതായാണ് സൂചന. നാളെയും മറ്റന്നാളുമായി ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഏഴ് വർഷത്തിന് ശേഷമുള്ള മോദിയുടെ ചൈന സന്ദർശനത്തെ യുഎസ് അടക്കം ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്.
asdad