ബാലപീഡന പരമ്പരയായ എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേരും ഉണ്ടെന്ന് മസ്ക്

ശാരിക
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇലോൺ മസ്കും തമ്മിലുള്ള പോര് മുറുകുന്നു. വിവാദമായ ബാലപീഡന പരമ്പരയായ എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് ഉണ്ടെന്നും അതുകൊണ്ടാണ് അന്വേഷണത്തിന്റെ വിശദാംശങ്ങളും കണ്ടെത്തലുകളും പരസ്യമാക്കാത്തതെന്നും ഇലോൺ മസ്‌ക്.
എക്സിലെ പോസ്റ്റിലാണ് മസ്കിന്റെ ആരോപണം. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് എപ്സ്റ്റീൻ കേസ്. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പരസ്പരം പരസ്യമായി ലക്ഷ്യം വയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമുള്ള പോസ്റ്റും തൊട്ടു പിന്നാലെ മസ്‌ക് പങ്കിട്ടു.
'ഡോണൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡി.ജെ.ടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!' മസ്ക് പോസ്റ്റിൽ പറഞ്ഞു. ഭാവിയിലേക്ക് ഈ പോസ്റ്റ് സൂക്ഷിക്കുക. സത്യം പുറത്തുവരുമെന്നും മസ്ക് എഴുതി. 'മസ്കും ഞാനും തമ്മിൽ മികച്ച ബന്ധമായിരുന്നു. ഇനി അത് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല' ട്രംപ് വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇലോൺ എന്നെക്കുറിച്ച് വ്യക്തിപരമായി മോശമായി പറഞ്ഞിട്ടില്ല. പക്ഷേ അടുത്തത് അങ്ങനെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കിൽ ട്രംപ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു. ഡെമോക്രാറ്റുകൾ ഹൗസ് നിയന്ത്രിക്കുമായിരുന്നു എന്ന് മസ്കും തിരിച്ചടിച്ചു. തന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ' എതിർത്തതിന് മസ്കിനോട് തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിന് ഒരു മണിക്കൂറിന് ശേഷമാണ് മസ്കിന്റെ നീക്കം.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ 'ദി ബിഗ് അഗ്ലി ബിൽ' എന്നാണ് മസ്‌ക് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്. അഭിപ്രായഭിന്നതയാണ് കാരണമെന്നും വാർത്തയുണ്ടായിരുന്നു. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ശതകോടീശ്വരന്മാരായ ഡോണൾഡ് ട്രംപും ഇലോൺ മസ്കും പരസ്പരം അഭേദ്യമായി സ്നേഹിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായാണ് കഴിഞ്ഞ ആഴ്ച മുതൽ സാഹചര്യം പ്രക്ഷുബ്ധമായത്.
dsvdsf