രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ ആക്രമണം;ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം: ഫ്രാൻസ്

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ ആക്രമണമാണിതെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്മാ. ഭീകരവാദത്തിന്റെ വിപത്തിൽ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് അറിയാം. പക്ഷേ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ജീൻ-നോയൽ ബാരറ്റ് പറഞ്ഞു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്ന് റഷ്യ അറിയിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളെ റഷ്യ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും രംഗത്തെത്തിയിരുന്നു. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു.
ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നും സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു.
assacsa