നിര്‍ണായക വഴിത്തിരിവ്; കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു


കോവിഡിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് വികസിപ്പിച്ച പുതിയ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഇതാദ്യമായാണ് കോവിഡിനെതിരെയുള്ള ഒരു വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായ പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് വാക്‌സിന്‍ നീങ്ങിയത്. അടുത്ത ആഴ്ചകളില്‍ ആരോഗ്യമുള്ള 300 പേരില്‍ രണ്ട് ഘട്ടമായി ഓരോ ഡോസുകള്‍ നല്‍കും. ഒരു ഡോസ് കഴിഞ്ഞ് നാലാഴ്ച കഴിഞ്ഞാകും അടുത്ത ഡോസ് വാക്‌സിന്‍. ഈ ഘട്ടത്തിലെ പരീക്ഷണം വിജയിച്ചാല്‍ 6000 വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി മൂന്നാം ഘട്ട പരീക്ഷണം നടത്തും.


സ്വയം വികസിക്കുന്ന ആര്‍എന്‍എ സാങ്കേതിക വിദ്യയാണ് ( Self-amplifying RNA technology) ഈ വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ വികസനത്തിലെ ഒരു പുതിയ സങ്കേതമാണ് ഇത്. പേശീകളിലേക്ക് കുത്തിവയ്ക്കുന്ന ഈ ആര്‍എന്‍എ ഇഴകള്‍ സ്വയം അതിന്റെ പകര്‍പ്പുകളുണ്ടാക്കും. ഇത് വൈറസിന്റെ പുറംഭാഗത്തെ മുനകളുള്ള പ്രോടീനിന്റെ പകര്‍പ്പുകളുണ്ടാക്കാന്‍ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് സന്ദേശം നല്‍കും. ഇത് കൊറോണ വൈറസിനായി തയ്യാറെടുക്കാന്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകമെന്നാണ് ഗവേഷകര്‍ കരുതുന്നു. ഭാവിയില്‍ കോവിഡ്-19 ശരീരത്തില്‍ കയറുമ്പോള്‍ ഉടനടി പ്രതികരിക്കാന്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് സാധിക്കും.

41 ദശലക്ഷം പൗണ്ടാണ് ഈ ഗവേഷണത്തിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇംപീരിയല്‍ കോളേജിന് നല്‍കിയത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമൊക്കെയുള്ള സംഭാവന വഴിയായി 50 ലക്ഷം പൗണ്ടും ലഭിച്ചു. പരീക്ഷണം വിജയിച്ചാല്‍ 2021 ഏപ്രിലോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed