ചികിത്സാ ചെലവും രോഗിയുടെ സുരക്ഷയും മെച്ചപ്പെടുത്താൻ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവേഷകർ
ശാരിക
ന്യൂഡൽഹി: ആധുനിക ചികിത്സാ രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവേഷകർ മുന്നോട്ടുവന്നിട്ടുണ്ട്. മരുന്നിന്റെ വിലയുൾപ്പെടെയുള്ള ചികിത്സാ ചെലവും രോഗിയുടെ സുരക്ഷയും മെച്ചപ്പെടുത്താൻ പുതിയ വഴികൾ തേടുകയാണ് ശാസ്ത്രലോകം. യുഎസിലെ സാൻ ഡിയാഗോയിൽ നടന്ന അനസ്തേജ്യോളജി-2026 വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച ഗവേഷണഫലം ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട നവീനമാർഗ്ഗങ്ങളെയാണ് പ്രതിപാദിക്കുന്നത്.
ശസ്ത്രക്രിയകളുടെ ഭാരരിച്ച ചെലവ് കുറയ്ക്കാമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന അനസ്തെറ്റിക് ഔഷധങ്ങളിൽ മാറ്റം വരുത്താമെന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മരുന്നുകൾ മാറ്റുന്നതിലൂടെ ചെലവ് മാത്രമല്ല, ഹരിതഗൃഹവാതക ഉദ്വമനം കുറയ്ക്കാനും സാധിക്കും. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ അനസ്തേഷ്യ രീതികൾ തിരഞ്ഞെടുത്തതിലൂടെ, പ്രതികൂലവാതക ഉദ്വമനത്തിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രോഗികളുടെ സുരക്ഷയെ ബാധിക്കാതെതന്നെ ഈ നേട്ടം കൈവരിക്കാനാകും. പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ചെലവേറിയ സാങ്കേതികവിദ്യകളുടെ ആവശ്യമില്ല. മാറ്റങ്ങൾ വരുത്തുന്നതിലൂടെ അന്തരീക്ഷ മലിനീകരണവും ആശുപത്രി ചെലവുകളും ഒരേസമയം നിയന്ത്രിക്കാനാകുമെന്നും ഗവേഷകർ വിലയിരുത്തി.
ആരോഗ്യമേഖലയിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്വമനം ആഗോളതലത്തിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് ശ്വസനത്തിലൂടെ നൽകുന്ന ഡെസ്ഫ്ളൂറേൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങൾ അന്തരീക്ഷത്തിൽ താപം നിലനിർത്താൻ കാരണമാകുന്നു. ഇതിനുപകരമായി സെവോഫ്ളൂറേൻ, ഇൻട്രാവീനസ് അനസ്തേഷ്യ തുടങ്ങിയ രീതികൾ ഉപയോഗിക്കുന്നത് മലിനീകരണവും ഔഷധങ്ങളുടെ അനാവശ്യ പാഴാക്കലും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
വിർജീനിയ ടെക് കാർലിയൺ സ്കൂൾ ഓഫ് മെഡിസിനുമായി ബന്ധപ്പെട്ട വിവിധ ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ശസ്ത്രക്രിയകളിൽ നിന്നുള്ള കാർബൺ പുറന്തള്ളലിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2025 അവസാനത്തോടെ പകുതിയായി കുറയ്ക്കണമെന്ന ലക്ഷ്യവും ഗവേഷകർക്ക് മറികടക്കാനായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, മരുന്നുകളുടെ ചെലവ് കുറയ്ക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ്. രോഗികളുടെ സുരക്ഷയിൽ വീഴ്ച സംഭവിക്കാതെ മികച്ച ചികിത്സാരീതികൾ നടപ്പാക്കാൻ കഴിയുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.
േ്്േി

