റേഡിയേഷൻ ഏൽക്കുന്നത് അൽഷിമേഴ്‌സിന് കാരണമായേക്കാമെന്ന് പഠനം


ശാരിക

വാഷിംഗ്ടൺ: അയോണൈസിംഗ് റേഡിയേഷനുമായി സമ്പർക്കത്തിൽ വരുന്നത് തലച്ചോറിൽ അൽഷിമേഴ്‌സ് രോഗത്തിന് സമാനമായ ജൈവമാറ്റങ്ങൾക്കും വീക്കത്തിനും വഴിവെച്ചേക്കാമെന്ന് പുതിയ പഠനം. ന്യൂയോർക്കിലെ ഹോഫ്‌സ്ട്ര സർവകലാശാലയിലെയും നോർത്ത്‌വെൽ ഹെൽത്തിലെയും ഗവേഷകർ നടത്തിയ പഠനമാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ശാസ്ത്ര മാസികയായ 'ഫ്രോണ്ടിയേഴ്‌സ് ഇൻ ഇമ്മ്യൂണോളജി'യിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

മെഡിക്കൽ ഇമേജിംഗ് പരിശോധനകൾ, ന്യൂക്ലിയർ വ്യവസായ മേഖലയിലെ വളർച്ച, ബഹിരാകാശ ഗവേഷണങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നൂറിലധികം പഠനങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ശരീരത്തിൽ ഏൽക്കുന്ന 100 മില്ലിസീവർട്ട് റേഡിയേഷൻ ഡിമൻഷ്യ വരാനുള്ള സാധ്യത 11 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തൽ. റേഡിയേഷൻ ഏൽക്കുമ്പോൾ കോശങ്ങളിലെ ഡി.എൻ.എയ്ക്ക് തകരാർ സംഭവിക്കുകയും ഇത് തലച്ചോറിൽ 'eCIRP' എന്ന പ്രോട്ടീൻ പുറന്തള്ളാൻ കാരണമാവുകയും ചെയ്യുന്നു. ഈ പ്രോട്ടീൻ തലച്ചോറിലെ 'Tau' പ്രോട്ടീനുകളിൽ വരുത്തുന്ന രാസമാറ്റങ്ങളാണ് അൽഷിമേഴ്‌സ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.

എന്നാൽ സാധാരണ എക്സ്-റേ പരിശോധനകൾ നടത്തുന്നത് നേരിട്ട് അൽഷിമേഴ്‌സിന് കാരണമാകില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ലോകത്ത് അഞ്ച് കോടിയിലധികം ആളുകൾ അൽഷിമേഴ്‌സ്, ഡിമൻഷ്യ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ഭാവിയിലെ രോഗപ്രതിരോധ ചികിത്സകൾക്ക് പുതിയ വാതിലുകൾ തുറക്കുന്നതാണ് ഈ കണ്ടെത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed