ബാലയ്ക്ക് പ്രതിഫലം നൽകിയതിന് തെളിവുണ്ടെന്ന് ഉണ്ണി മുകുന്ദൻ

സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങൾ തള്ളി ഉണ്ണി മുകുന്ദൻ. സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും താൻ പ്രതിഫലം നൽകിയിട്ടുണ്ട്. ഛായാഗ്രാഹകന് ഏഴ് ലക്ഷം രൂപ പ്രതിഫലം നൽകി. ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഡബ്ബ് ചെയ്യാൻ പറ്റാതിരുന്ന സാഹചര്യം സിനിമ ഒടിടിയിലെത്തുമ്പോൾ ബാല വ്യക്തമാക്കണമെന്നും ഉണ്ണി മുകുന്ദൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. പ്രതിഫലം നൽകിയത് തെളിയിക്കുന്ന രേഖകളും ഉണ്ണി മുകുന്ദൻ പുറത്തുവിട്ടു.
ബാലയുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ സെക്കന്റ് മാര്യേജിന്റെ സമയത്ത് പങ്കെടുത്ത ഒരേയൊരു നടൻ ഞാനായിരിക്കാം. ഒരു മുൻനിര നടനെ ഒഴിവാക്കിയാണ് ബാലയ്ക്ക് ആ കഥാപാത്രം ഞാൻ കൊടുത്തത്. ഫ്രണ്ട്‌സ് എന്ന നിലയിലായിരുന്നു ബാല ആ ചിത്രത്തിന്റെ ഭാഗമായതെങ്കിലും ഞങ്ങൾ പ്രതിഫലം കൊടുത്തിട്ടുണ്ട്. 2 ലക്ഷം രൂപയായിരുന്നു അത്. അതിന് തെളിവുകളുമുണ്ട്. 20 ദിവസം ബാല ഞങ്ങളൊടൊപ്പം ജോലി ചെയ്തിരുന്നു. ഒരു ദിവസം 10,000 രൂപ എന്ന നിലയിലാണ് 2 ലക്ഷം കൊടുത്തത്. മുൻ ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു എന്നാണ് അറിഞ്ഞത്.
നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും എന്നാണ് ബാലയെന്നോട് പറഞ്ഞിരുന്നത്. പക്ഷേ ഈ സിനിമയിൽ ആരും പ്രതിഫലമില്ലാതെ ജോലി ചെയ്തിട്ടില്ല. ബാലയുടെ ചിത്രത്തിൽ താൻ അഭിനയിച്ചപ്പോൾ പ്രതിഫലം വാങ്ങിയിട്ടില്ല. ബാല തമാശ കളിക്കുന്നു എന്നാണ് കരുതുന്നത്. വേണമെങ്കിൽ പരാതി കൊടുത്തോട്ടെ എന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
ഉണ്ണി മുകുന്ദൻ നിർമിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല ഉന്നയിച്ച ആരോപണം. തനിക്ക് മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും പണം നൽകിയില്ലെന്ന് ബാല പറഞ്ഞിരുന്നു.
hjfgjhg